മണിപ്പൂരിൽ വീണ്ടും സംഘർഷം; അഞ്ച് മരണം; താഴ് വരയില്‍ കടുത്ത പ്രതിഷേധം

ഇംഫാൽ: മണിപ്പൂരിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടരുന്ന പുതിയ സംഘർഷങ്ങളിൽ മരിച്ചവരുടെ എണ്ണം അഞ്ചായി. ഏപ്രിൽ 7-ന് ബിഷ്ണുപൂർ ജില്ലയിലെ ട്രോംഗ്ലാവോബിയിൽ ഒരു വീടിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ രണ്ട് കുട്ടികൾ കൊല്ലപ്പെട്ടതോടെയാണ് നിലവിലെ സംഘർഷങ്ങളുടെ തുടക്കം. ഇതിന് പിന്നാലെ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലുകളിൽ മൂന്ന് പ്രതിഷേധക്കാർ കൂടി കൊല്ലപ്പെട്ടതോടെയാണ് ആകെ മരണം അഞ്ചായത്.

കുട്ടികളുടെ മരണത്തിന് ഉത്തരവാദികളായവരെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് മെയ്‌റ പൈബീസിൻ്റെ നേതൃത്വത്തിൽ ഏപ്രിൽ 19 മുതൽ അഞ്ച് ദിവസത്തെ സംസ്ഥാനവ്യാപകമായ കടയടപ്പ് (shutdown) ആഹ്വാനം ചെയ്തിരിക്കുകയാണ്. ഇതേത്തുടർന്ന് മണിപ്പൂരിലെ വ്യാപാര സ്ഥാപനങ്ങളും ചന്തകളും പൂർണ്ണമായും അടഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ രാത്രികളിൽ ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, കാക്ചിംഗ് ജില്ലകളിൽ ആയിരക്കണക്കിന് ആളുകൾ പങ്കെടുത്ത പന്തം കൊളുത്തി പ്രകടനങ്ങൾ നടന്നു.

പലയിടങ്ങളിലും പ്രതിഷേധക്കാർ സുരക്ഷാ സേനയുമായി ഏറ്റുമുട്ടി. പ്രതിഷേധകർക്ക് നേരെ പോലീസ് കണ്ണീർവാതകവും സ്മോക്ക് ബോംബുകളും പ്രയോഗിച്ചു. ശനിയാഴ്ച രാത്രിയുണ്ടായ സംഘർഷത്തിൽ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ച് 21 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ‘അരാംബായ് തെൻഗോൾ’ (Arambai Tenggol) എന്ന സംഘടനയിലെ ഒരംഗത്തെയും പോലീസ് പിടികൂടിയിട്ടുണ്ട്.

സംഘർഷം പടരാതിരിക്കാൻ അഞ്ച് താഴ്വര ജില്ലകളിൽ ഇൻ്റർനെറ്റ് സേവനങ്ങൾക്കുള്ള നിയന്ത്രണം തുടരുകയാണ്. ബിഷ്ണുപൂർ-ചുരാചന്ദ്പൂർ റോഡ് കഴിഞ്ഞ 12 ദിവസമായി ഉപരോധിക്കപ്പെട്ടതിനാൽ എൻ.ഐ.എ (NIA) സംഘത്തിന് അന്വേഷണത്തിനായി സംഭവസ്ഥലത്തെത്താൻ കഴിഞ്ഞിട്ടില്ല. ക്രമസമാധാനം നിലനിർത്താൻ ബിഷ്ണുപൂർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ നിരോധനാജ്ഞയും കനത്ത പോലീസ് കാവലും ഏർപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി യുമ്നം ഖേംചന്ദ് സിംഗ് അക്രമത്തെ അപലപിക്കുകയും സമാധാനം പാലിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *