കാൻബറ: ഇറാൻ-അമേരിക്ക തർക്കം രൂക്ഷമായ സാഹചര്യത്തിൽ ഓസ്‌ട്രേലിയൻ സമ്പദ്‌വ്യവസ്ഥ വലിയ വെല്ലുവിളികൾ നേരിടാൻ സാധ്യതയുണ്ടെന്ന് ഫെഡറൽ ട്രഷറർ ജിം ചാൽമേഴ്സ് മുന്നറിയിപ്പ് നൽകി. പശ്ചിമേഷ്യയിലെ സംഘർഷം ആഗോള വിതരണ ശൃംഖലയെ തടസ്സപ്പെടുത്തിയതോടെ രാജ്യത്തെ പണപ്പെരുപ്പം 5 ശതമാനത്തിന് മുകളിലേക്ക് ഉയർന്നേക്കാമെന്നാണ് വിലയിരുത്തൽ. ഇതോടൊപ്പം തൊഴിലില്ലായ്മ നിരക്ക് വർധിക്കാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി.
അടുത്ത മാസം അവതരിപ്പിക്കാനിരിക്കുന്ന ഫെഡറൽ ബജറ്റിൽ ഈ സാമ്പത്തിക പ്രതിസന്ധികളെ നേരിടാൻ ആവശ്യമായ കർശനമായ നടപടികൾ ഉൾപ്പെടുത്തിയേക്കുമെന്നും ട്രഷറർ സൂചന നൽകി. ആഗോള വിപണിയിലെ അനിശ്ചിതത്വം ഓസ്‌ട്രേലിയൻ വിപണിയിലും പ്രതിഫലിക്കുമെന്നും, ജീവിതച്ചെലവ് വർധിക്കുന്നത് സാധാരണക്കാരെ ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സങ്കീർണ്ണമായ ഈ ആഗോള സാഹചര്യത്തിൽ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാനായിരിക്കും വരാനിരിക്കുന്ന ബജറ്റിൽ മുൻഗണന നൽകുകയെന്ന് ചാൽമേഴ്സ് വ്യക്തമാക്കി. പശ്ചിമേഷ്യയിലെ എണ്ണനീക്കത്തിലുണ്ടായ തടസ്സങ്ങൾ ഇന്ധനവില വർധനവിനും അതുവഴി നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും കാരണമായേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ ആശങ്ക.

