വെള്ളത്തൂവലിൽ വീട്ടിൽ അതിക്രമിച്ച് കയറി സ്ത്രീയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസ്: പ്രതികൾക്ക് അഞ്ച് വർഷം തടവും പിഴയും

തൊടുപുഴ: വെള്ളത്തൂവൽ സ്വദേശിനിയെ വീട്ടിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് അഞ്ചുവർഷം കഠിനതടവും 40,000 രൂപ വീതം പിഴയും ശിക്ഷ വിധിച്ചു. കൊന്നത്തടി മങ്കുവ ഒലിക്കാസിറ്റി ഭാഗത്ത് ഒഴുകയിൽ വീട്ടിൽ ഷെയിസ് (44), അടിമാലി മന്നാംങ്കണ്ടം മുനിതണ്ടു ഭാഗത്ത് പ്ലാച്ചേരിൽ വീട്ടിൽ ചന്തു എന്നറിയപ്പെടുന്ന ജയേഷ് (38) എന്നിവരെയാണ് ഇടുക്കി തേർഡ് അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി എസ്.എസ്. സീന ശിക്ഷിച്ചത്.

2013 ഏപ്രിൽ 24-നായിരുന്നു കേസിനാസ്പദമായ സംഭവം. പുലർച്ചെ രണ്ട് മണിയോടെ കുഞ്ചിത്തണ്ണി വില്ലേജിലെ വെള്ളത്തൂവൽ പൈപ്പ് ലൈൻ ഭാഗത്തുള്ള വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതികൾ കട്ടിലിൽ കിടക്കുകയായിരുന്ന സ്ത്രീയെ ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. അന്നത്തെ അടിമാലി പോലീസ് ഇൻസ്പെക്ടർ ആയിരുന്ന കെ. ജിനദേവനാണ് കേസിൽ വിശദമായ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ വാദങ്ങൾ ശരിവെച്ചാണ് കോടതി പ്രതികൾക്ക് ശിക്ഷ വിധിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *