ജമ്മു: ജമ്മു കശ്മീരിലെ ഡോഡ, കിഷ്ത്വാർ ജില്ലകളിൽ കനത്ത മഴയെ തുടർന്നുണ്ടായ മേഘവിസ്ഫോടനത്തിലും മിന്നൽപ്രളയത്തിലും വ്യാപക നാശനഷ്ടം. ഡോഡ–കിഷ്ത്വാർ ദേശീയപാത (എൻ.എച്ച്.-244) പ്രേംനഗർ ഭാഗത്ത് മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടിയതിനെ തുടർന്ന് ഗതാഗതം തടസ്സപ്പെട്ടു.
കിഷ്ത്വാറിലെ നിർമ്മാണത്തിലിരിക്കുന്ന 540 മെഗാവാട്ട് ക്വാർ ജലവൈദ്യുത പദ്ധതിയുടെ പരിസരത്ത് മണ്ണിടിച്ചിലുണ്ടായി. നിർമാണത്തിനായി ഉപയോഗിച്ചിരുന്ന ഡമ്പറുകൾ, ഡോസറുകൾ ഉൾപ്പെടെയുള്ള ഭൂമിയൊരുക്കൽ യന്ത്രങ്ങളും മറ്റ് വാഹനങ്ങളും മണ്ണിനടിയിലായി. പദ്ധതിപ്രദേശത്തേക്കുള്ള റോഡിനും കേടുപാടുകൾ സംഭവിച്ചു.
സംഭവത്തിൽ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു. ദേശീയപാതയിലെയും പദ്ധതിപ്രദേശത്തെയും മണ്ണും അവശിഷ്ടങ്ങളും നീക്കി ഗതാഗതം പുനഃസ്ഥാപിക്കാനും യന്ത്രങ്ങൾ പുറത്തെടുക്കാനുമായി രക്ഷാപ്രവർത്തനവും ശുചീകരണ പ്രവർത്തനങ്ങളും തുടരുകയാണ്.

