സി.എസ്.ഐ.ആർ.ഒയ്ക്ക് (CSIRO) 38.7 കോടി ഡോളറിന്റെ അധിക ഫണ്ട്; വിജയമായി ഡേവിഡ് പോക്കോക്കിന്റെ ഇടപെടൽ

ക്യാൻബറ: ഓസ്‌ട്രേലിയയുടെ ദേശീയ ശാസ്ത്ര ഏജൻസിയായ സി.എസ്.ഐ.ആർ.ഒയുടെ (CSIRO) ദീർഘകാല പ്രവർത്തനങ്ങൾക്കായി 38.74 കോടി ഡോളറിന്റെ അധിക ഫണ്ട് പ്രഖ്യാപിച്ച് ആൽബനീസി സർക്കാർ. നൂറുകണക്കിന് തൊലിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്യുന്ന സാഹചര്യത്തിൽ, ശാസ്ത്രജ്ഞരും ജീവനക്കാരും മാസങ്ങളായി നടത്തിയ പോരാട്ടത്തിന്റെ വിജയമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.

അടുത്ത നാല് വർഷത്തേക്കുള്ള ഈ അധിക ധനസഹായം ഏജൻസിയുടെ നിലവിലുള്ള നൂറു കോടി ഡോളറിന്റെ വാർഷിക ഫണ്ടിന് പുറമെയാണ്. സാങ്കേതിക വിദ്യ മെച്ചപ്പെടുത്തുന്നതിനും ഗവേഷണ പ്രവർത്തനങ്ങൾക്കും ഈ തുക വിനിയോഗിക്കും. ഈ അധിക ഫണ്ട് നിലവിൽ പ്രഖ്യാപിക്കപ്പെട്ട പിരിച്ചുവിടലുകൾ ഒഴിവാക്കാൻ സഹായിക്കില്ലെങ്കിലും, ഭാവിയിൽ കൂടുതൽ തൊഴിൽ നഷ്ടങ്ങൾ ഉണ്ടാകുന്നത് തടയാൻ ഉപകരിക്കുമെന്ന് കരുതപ്പെടുന്നു.

സി.എസ്.ഐ.ആർ.ഒയുടെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് എ.സി.ടി സെനറ്റർ ഡേവിഡ് പോക്കോക്ക് നടത്തിയ പാർലമെന്ററി ലൈബ്രറി വിശകലനത്തിൽ, ജി.ഡി.പി ശതമാനം കണക്കാക്കുമ്പോൾ ഏജൻസിക്കുള്ള ഫണ്ട് 1978-ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെതിരെ പതിനായിരക്കണക്കിന് ആളുകൾ ഒപ്പിട്ട ഹർജി പോക്കോക്ക് സർക്കാരിന് സമർപ്പിച്ചിരുന്നു. സർക്കാരിന്റെ പുതിയ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത പോക്കോക്ക്, ശാസ്ത്രജ്ഞരുടെയും പൊതുജനങ്ങളുടെയും കൂട്ടായ പോരാട്ടത്തിന്റെ വിജയമാണിതെന്ന് പ്രതികരിച്ചു.

ഗവേഷണ മേഖലയിലെ നിക്ഷേപം ഇനിയും വർദ്ധിപ്പിക്കേണ്ടതുണ്ടെന്നും, ഗ്യാസ് കയറ്റുമതിക്ക് 25 ശതമാനം നികുതി ഏർപ്പെടുത്തിക്കൊണ്ട് ഇതിനാവശ്യമായ തുക കണ്ടെത്താമെന്നും പോക്കോക്ക് നിർദ്ദേശിച്ചു. ശാസ്ത്ര ഏജൻസിക്ക് കൃത്യമായ സ്ഥിരത നൽകാനാണ് ഈ നിക്ഷേപത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ധനമന്ത്രി കാറ്റി ഗല്ലഗർ പറഞ്ഞു. ഇതിനുപുറമെ, 2030-31 മുതൽ ‘ഓസ്‌ട്രേലിയൻ സെന്റർ ഫോർ ഡിസീസ് പ്രിപ്പയർഡ്‌നസിന്’ പ്രതിവർഷം 3.8 കോടി ഡോളർ അധികമായി നൽകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *