പ്രധാനമന്ത്രിക്കെതിരെ വധഭീഷണി; മലപ്പുറം സൈബർ പൊലീസ് കേസെടുത്തു

മലപ്പുറം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വധഭീഷണി മുഴക്കിയ സംഭവത്തിൽ മലപ്പുറം സൈബർ ക്രൈം പൊലീസ് കേസെടുത്തു. സൈബർ പട്രോളിങ്ങിനിടെയാണ് ഫേസ്ബുക്കിൽ പ്രചരിച്ച ഭീഷണി വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് വീഡിയോ നീക്കം ചെയ്യുകയും അത് പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയും ചെയ്തു.

പരപ്പനങ്ങാടി ചെട്ടിപ്പടി കുപ്പിവളവിലെ മിഥുൻ (45) ആണ് വീഡിയോ പോസ്റ്റ് ചെയ്തതെന്ന് പൊലീസ് തിരിച്ചറിഞ്ഞു. പ്രധാനമന്ത്രിയെ വെള്ളിയാഴ്ച വധിക്കുമെന്ന തരത്തിലായിരുന്നു വീഡിയോയിലെ ഭീഷണി. ഇയാൾക്ക് മാനസിക വെല്ലുവിളികളുണ്ടെന്നും കഴിഞ്ഞ എട്ടുവർഷമായി വീട്ടിൽനിന്ന് പുറത്തുപോകാറില്ലെന്നും കുടുംബാംഗങ്ങൾ പൊലീസിനോട് അറിയിച്ചു. മുമ്പ് കുടുംബാംഗങ്ങളെ ആക്രമിച്ചതിനെ തുടർന്ന് ചികിത്സ തേടിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

വീഡിയോയ്ക്ക് താഴെ മതസ്പർധ വളർത്തുന്ന തരത്തിൽ പ്രകോപനപരമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തിയവരെയും കേസിൽ പ്രതിചേർക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കേരള പൊലീസ് ഹൈടെക് സെല്ലിന്റെ സഹായത്തോടെ വിവരങ്ങൾ ശേഖരിച്ചുവരുന്നതായും, മറ്റാരുടെയെങ്കിലും സ്വാധീനത്തിലാണോ വീഡിയോ പോസ്റ്റ് ചെയ്തതെന്ന കാര്യവും അന്വേഷിക്കുന്നുണ്ടെന്നും മലപ്പുറം സൈബർ പൊലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *