ലണ്ടൻ: യുണൈറ്റഡ് കിങ്ഡത്തിൽ ഡീസൽ വില സർവ്വകാല റെക്കോർഡിലെത്തി. രാജ്യത്തെ ശരാശരി ഡീസൽ നിരക്ക് ലിറ്ററിന് 199.18 പെൻസിലേക്ക് ഉയർന്നതായി റോയൽ ഓട്ടോമൊബൈൽ ക്ലബ്ബിന്റെ (ആർ.എ.സി) കണക്കുകൾ വ്യക്തമാക്കുന്നു.
ഡീസൽ കാറുകളുടെ ഇന്ധനടാങ്ക് നിറയ്ക്കുന്നതിനുള്ള ചെലവ് ഇതോടെ ശരാശരി 110 പൗണ്ടിലേക്ക് കുതിച്ചുയർന്നു. അമേരിക്ക-ഇറാൻ സംഘർഷം പൊട്ടിപ്പുറപ്പെട്ട സമയത്തെ അപേക്ഷിച്ച് ഏകദേശം 31 പൗണ്ടിന്റെ വർദ്ധനവാണ് നിലവിലെ നിരക്കിലുള്ളത്. ഡീസലിനൊപ്പം പെട്രോൾ വിലയിലും വൻ വർദ്ധനവുണ്ടായിട്ടുണ്ട്. നിലവിൽ ലിറ്ററിന് ശരാശരി 174.13 പെൻസ് എന്ന നിരക്കിലാണ് യുകെയിൽ പെട്രോൾ വിതരണം നടക്കുന്നത്. അന്താരാഷ്ട്ര തലത്തിലെ രാഷ്ട്രീയ സംഘർഷങ്ങളാണ് രാജ്യത്ത് ഇന്ധനവില കുതിച്ചുയരാൻ കാരണമെന്നാണ് വിലയിരുത്തൽ.

