ബെർലിൻ: സ്റ്റിയറിങ് സംവിധാനത്തിലെ തകരാറിനെത്തുടർന്ന് ഫോക്‌സ്‌വാഗൺ, ഓഡി, സ്കോഡ, സെയാറ്റ് എന്നീ ബ്രാൻഡുകളിലായി ലോകമെമ്പാടുമുള്ള 40 ലക്ഷത്തോളം വാഹനങ്ങൾ ഫോക്‌സ്‌വാഗൺ ഗ്രൂപ്പ് തിരിച്ചുവിളിക്കുന്നു. സ്റ്റിയറിങ് സിസ്റ്റം ഉറപ്പിച്ചിരിക്കുന്ന ബോൾട്ടിൽ തുരുമ്പ് പിടിക്കുന്നത് മൂലം ബലക്ഷയമുണ്ടാകാൻ സാധ്യതയുണ്ടെന്നും, ഇത് പൊട്ടിയാൽ സ്റ്റിയറിങ്ങിന്റെ നിയന്ത്രണം നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
മുൻകരുതൽ എന്ന നിലയിലാണ് ഈ നടപടിയെന്നും തകരാറുള്ള ബോൾട്ട് മാറ്റിസ്ഥാപിച്ചുകൊണ്ട് പ്രശ്നം പരിഹരിക്കുമെന്നും ഫോക്‌സ്‌വാഗൺ വ്യക്തമാക്കി. ഈ പിഴവ് മൂലം അപകടങ്ങളോ പരിക്കുകളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജർമ്മൻ ഫെഡറൽ മോട്ടോർ ട്രാൻസ്‌പോർട്ട് അതോറിറ്റി (കെ.ബി.എ) അറിയിച്ചിട്ടുണ്ട്.

