വാഷിംഗ്ടൺ: മാസങ്ങളായി തുടരുന്ന സംഘർഷത്തിന് താൽക്കാലിക ശമനം വരുത്തിക്കൊണ്ട് ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് ധാരണയിലെത്തിയതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അറിയിച്ചു. ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് ഈ സുപ്രധാന വിവരം പങ്കുവെച്ചത്.
ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ലെബനൻ പ്രസിഡന്റ് ജോസഫ് ഔണുമായി ട്രംപ് നടത്തിയ ചർച്ചകളെത്തുടർന്നാണ് ഈ തീരുമാനം. ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാനം ലക്ഷ്യമിട്ടാണ് ഈ താൽക്കാലിക വെടിനിർത്തൽ.കൂടുതൽ ചർച്ചകൾക്കായി നെതന്യാഹുവിനെയും ജോസഫ് ഔണിനെയും ട്രംപ് വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ചു. 1983-ന് ശേഷം ഇരു രാജ്യങ്ങളും തമ്മിൽ നടക്കുന്ന ഏറ്റവും അർത്ഥവത്തായ ചർച്ചകളായിരിക്കും ഇതെന്നും അദ്ദേഹം വിശേഷിപ്പിച്ചു
ലോകത്തിലെ ഒൻപത് യുദ്ധങ്ങൾ അവസാനിപ്പിക്കാൻ തനിക്ക് സാധിച്ചുവെന്നും, ഇത് താൻ അവസാനിപ്പിക്കുന്ന പത്താമത്തെ യുദ്ധമായിരിക്കുമെന്നും ട്രംപ് സോഷ്യൽ മീഡിയ കുറിപ്പിൽ അവകാശപ്പെട്ടു.ഈ വെടിനിർത്തൽ മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുള്ള ആദ്യപടിയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനിടെ, വെടിനിർത്തൽ നിലവിൽ വന്നതിന് ശേഷവും തെക്കൻ ലെബനനിലെ ചില ഗ്രാമങ്ങളിൽ ഷെല്ലാക്രമണം നടന്നതായി ലെബനൻ സൈന്യം ആരോപിച്ചിട്ടുണ്ട്. എങ്കിലും, വരും ദിവസങ്ങളിൽ നടക്കുന്ന ചർച്ചകൾ മേഖലയിലെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

