മെൽബൺ: വരാനിരിക്കുന്ന ആൻസാക് ദിന ലോങ്ങ് വീക്കെൻഡിൽ ഓസ്‌ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ ഗതാഗത നിയമലംഘനങ്ങൾക്ക് കടുത്ത പിഴശിക്ഷകൾ ഏർപ്പെടുത്തുന്നു. ഏപ്രിൽ 25 ആൻസാക് ദിനത്തോടനുബന്ധിച്ച് റോഡുകളിൽ തിരക്ക് വർദ്ധിക്കാൻ സാധ്യതയുള്ളതിനാൽ, അപകടങ്ങൾ കുറയ്ക്കുന്നതിനായി ചില സംസ്ഥാനങ്ങൾ ഇരട്ടി പിഴശിക്ഷ (Double Demerits) പ്രഖ്യാപിച്ചിട്ടുണ്ട്.
ന്യൂ സൗത്ത് വെയ്‌ൽസ് , വെസ്റ്റേൺ ഓസ്‌ട്രേലിയ, ഓസ്‌ട്രേലിയൻ ക്യാപിറ്റൽ ടെറിട്ടറി എന്നീ സംസ്ഥാനങ്ങളിലാണ് ആൻസാക് ദിനത്തോടനുബന്ധിച്ച് ഡബിൾ ഡെമെറിറ്റ് നിയമം നിലവിൽ വരുന്നത്. ഏപ്രിൽ 24 വെള്ളിയാഴ്ച മുതൽ ഏപ്രിൽ 27 തിങ്കളാഴ്ച വരെയാണ് ഈ കർശന നിയമങ്ങൾ ബാധകമാകുക. അമിതവേഗത, സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക, വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുക, ലഹരി ഉപയോഗിച്ചുള്ള ഡ്രൈവിംഗ് എന്നിവയ്ക്ക് ഈ ദിവസങ്ങളിൽ ഇരട്ടി പോയിന്റുകൾ നഷ്ടമാകും.
ക്വീൻസ്‌ലാന്റിൽ പൊതു അവധി ദിവസങ്ങളിൽ മാത്രമായി പ്രത്യേക ഡബിൾ ഡെമെറിറ്റ് കാലാവധിയില്ല. പകരം, വർഷം മുഴുവൻ ബാധകമായ ‘റിപ്പീറ്റ് ഒഫൻഡർ’ നിയമമാണ് ഇവിടെയുള്ളത്. ഒരേ നിയമലംഘനം (ഉദാഹരണത്തിന് അമിതവേഗതയോ ഫോൺ ഉപയോഗമോ) 12 മാസത്തിനുള്ളിൽ രണ്ടാമതും ആവർത്തിച്ചാൽ ഇരട്ടി പിഴ പോയിന്റുകൾ ഈടാക്കും.
വിക്ടോറിയ, ടാസ്മാനിയ, സൗത്ത് ഓസ്‌ട്രേലിയ, നോർത്തേൺ ടെറിട്ടറി എന്നിവിടങ്ങളിൽ ഡബിൾ ഡെമെറിറ്റ് സംവിധാനമില്ല. എങ്കിലും ആൻസാക് വീക്കെൻഡിൽ റോഡുകളിൽ പോലീസിന്റെ കർശന നിരീക്ഷണം ഉണ്ടാകുമെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ലോങ്ങ് വീക്കെൻഡ് പ്രമാണിച്ചു ദീർഘദൂര യാത്ര നടത്തുന്നവർ ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും സുരക്ഷിതമായി ലക്ഷ്യസ്ഥാനങ്ങളിൽ എത്തണമെന്നും പോലീസ് നിർദ്ദേശിച്ചു

