കാണാതായവര്‍ക്ക് വേണ്ടി പുനരന്വേഷണവുമായി ഫെഡറൽ പോലീസ്; ക്യാമ്പയിനുമായി എ.എഫ്.പി.

കാൻബറ: വർഷങ്ങൾക്ക് മുൻപ് കാണാതായ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള ഉത്തരങ്ങൾ തേടി ഓസ്‌ട്രേലിയൻ ഫെഡറൽ പോലീസ് (AFP) ‘നാഷണൽ മിസ്സിംഗ് പേഴ്‌സൺസ് വീക്ക് 2026’ ക്യാമ്പയിൻ ആരംഭിച്ചു. ഓസ്‌ട്രേലിയ യിലെ വിവിധ ഭാഗങ്ങളിൽ നിന്ന് കാണാതായ എട്ട് പേരുടെ, നിലവിലെ പ്രായത്തിനനുസരിച്ച് വരച്ച പുതിയ ചിത്രങ്ങളാണ് അന്വേഷണ സംഘം പുറത്തുവിട്ടിരിക്കുന്നത്.

മൂന്ന് മാസത്തിലധികം കാലമായി കാണാതായവരെയാണ് ഓസ്‌ട്രേലിയയിൽ ‘ലോംഗ്-ടേം മിസ്സിംഗ്’ വിഭാഗത്തിൽ ഉൾപ്പെടുത്തുന്നത്. ഓരോ സ്റ്റേറ്റിൽ നിന്നും ടെറിട്ടറിയിൽ നിന്നുമായി കാണാതായ എട്ട് പേരുടെ ചിത്രങ്ങളാണ് എ.എഫ്.പി. ഫോറൻസിക് ആർട്ടിസ്റ്റുകൾ പുനഃസൃഷ്ടിച്ചത്. കൃത്രിമ ബുദ്ധി (AI) ഉപയോഗിക്കാ തെയാണ് ഈ ചിത്രങ്ങൾ തയ്യാറാക്കിയതെന്നതാണ് പ്രധാന പ്രത്യേകത. കാണാതായവരുടെ പഴയ ഫോട്ടോ കളും കുടുംബാംഗങ്ങളുടെ പാരമ്പര്യ ശാരീരിക സവിശേഷതകളും അടിസ്ഥാനമാക്കിയാണ് ഇവ വരച്ചിരിക്കു ന്നത്. വർഷങ്ങൾ കഴിയുന്തോറും ശരീരത്തിൽ വരുന്ന സ്വാഭാവിക മാറ്റങ്ങൾ ഉൾപ്പെടുത്തിയ ഈ ചിത്രങ്ങൾ വഴി പൊതുജനങ്ങൾക്ക് ഇവരെ തിരിച്ചറിയാൻ എളുപ്പമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തൽ.

2025-ൽ മാത്രം ഓസ്‌ട്രേലിയയിൽ 49,084 പേരെ കാണാതായതായാണ് പോലീസ് കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 53 ശതമാനവും സ്ത്രീകളാണ് എന്നത് വലിയ ആശങ്ക ഉയർത്തുന്നു. കൂടാതെ, കാണാതാകുന്നവരിൽ 56 ശതമാനവും 13-നും 17-നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് എണ്ണത്തിൽ ചെറിയ കുറവുണ്ടെങ്കിലും പോലീസിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ വലിയൊരു സമയം ഇതിനായി വിനിയോഗിക്കേണ്ടി വരുന്നുണ്ട്.

1982-ൽ ടോണി ജോൺസ് എന്ന വ്യക്തിയെ കാണാതായ സംഭവത്തെ തുടർന്നാണ് ഈ ദേശീയ ക്യാമ്പയിന് തുടക്കമാകുന്നത്. ‘ഉത്തരങ്ങൾ ഇനിയും പ്രധാനം’ (Answers Still Matter) എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്.

കാണാതായ കേസുകളിൽ ലഭിക്കുന്ന ചെറിയ സൂചനകൾ പോലും അന്വേഷണത്തിൽ നിർണായക വഴിത്തിരിവായേക്കാമെന്ന് എ.എഫ്.പി. കമാൻഡർ ജോവാൻ കാമറൂൺ വ്യക്തമാക്കി. കാണാതായ വരെക്കുറിച്ച് എന്തെങ്കിലും വിവരങ്ങൾ ലഭിക്കുന്നവർ 1800 333 000 എന്ന നമ്പറിൽ ക്രൈം സ്റ്റോപ്പേഴ്‌സുമായി (Crime Stoppers) ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *