നിർബന്ധിത തൊഴിൽ ആരോപണം; 60 വ്യാപാര പങ്കാളികൾക്ക് പുതിയ ഇറക്കുമതി തീരുവ പ്രഖ്യാപിച്ച് ട്രംപ് ഭരണകൂടം

വാഷിങ്ടൺ: നിർബന്ധിത തൊഴിൽ (Forced Labour) ഉപയോഗിച്ച് നിർമ്മിക്കുന്ന ഉൽപ്പന്നങ്ങളുടെ ഇറക്കുമതി തടയാൻ മതിയായ നടപടികൾ സ്വീകരിക്കുന്നില്ലെന്നാരോപിച്ച് 60 രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതികൾക്ക് പുതിയ തീരുവ ഏർപ്പെടുത്തി ട്രംപ് ഭരണകൂടം. പുതിയ തീരുവകൾ 10 ശതമാനം മുതൽ 12.5 ശതമാനം വരെയാണ്.

അമേരിക്കൻ വ്യാപാര നിയമത്തിലെ സെക്ഷൻ 301 പ്രകാരമാണ് നടപടി. യൂറോപ്യൻ യൂണിയൻ, ചൈന, ഇന്ത്യ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളെയാണ് തീരുമാനം ബാധിക്കുന്നത്. എണ്ണ, പ്രകൃതി വാതകം, വളങ്ങൾ, വിമാനങ്ങൾ, ചില ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്ക് തീരുവയിൽ നിന്ന് ഒഴിവ് നൽകിയിട്ടുണ്ട്.

അമേരിക്കയുടെ നടപടിക്കെതിരെ ബാധിത രാജ്യങ്ങൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. നിർബന്ധിത തൊഴിൽ സംബന്ധിച്ച അമേരിക്കയുടെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ചൈന, യൂറോപ്യൻ യൂണിയൻ, ഓസ്‌ട്രേലിയ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾ പ്രതികരിച്ചു. പുതിയ തീരുവ ആഗോള വ്യാപാരത്തെ പ്രതികൂലമായി ബാധിക്കുമെന്നും ഇറക്കുമതി ചെലവ് വർധിപ്പിക്കുമെന്നും വിദഗ്ധർ വിലയിരുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *