ഗ്ലാസ്ഗോ:സ്കോട്‍ലൻഡിലെ ഗ്ലാസ്‌ഗോയിൽ നടന്ന 2026 കോമൺവെൽത്ത് ഗെയിംസിന് സമാപനമായി. 13 സ്വർണവും 17 വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ ആകെ 39 മെഡലുകളുമായി ഇന്ത്യ മെഡൽ പട്ടികയിൽ നാലാം സ്ഥാനത്താണ് മത്സരങ്ങൾ അവസാനിപ്പിച്ചത്. ഇന്ത്യയുടെ കോമൺവെൽത്ത് ഗെയിംസ് ചരിത്രത്തിലെ ശ്രദ്ധേയ പ്രകടനങ്ങളിലൊന്നായാണ് ഈ നേട്ടം വിലയിരുത്തപ്പെടുന്നത്.
ഓസ്ട്രേലിയയാണ് മെഡൽ പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തിയത്. ഇംഗ്ലണ്ടും കാനഡയും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഇന്ത്യൻ സംഘത്തിന്റെ മെഡൽ നേട്ടത്തിൽ ബോക്സിംഗ് നിർണായക പങ്കുവഹിച്ചു. അത്‌ലറ്റിക്സ്, പാരാ അത്‌ലറ്റിക്സ്, ഭാരോദ്വഹനം, ജൂഡോ തുടങ്ങിയ ഇനങ്ങളിലും ഇന്ത്യൻ താരങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചു.
ഞായറാഴ്ച നടന്ന സമാപനച്ചടങ്ങിൽ 2030 കോമൺവെൽത്ത് ഗെയിംസിന്റെ ആതിഥേയരായ ഇന്ത്യയ്ക്ക് ഔദ്യോഗികമായി പതാക കൈമാറി. ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് പി.ടി. ഉഷയും ഒളിമ്പിക് ജാവലിൻ ചാമ്പ്യൻ നീരജ് ചോപ്രയും ചേർന്നാണ് കോമൺവെൽത്ത് ഗെയിംസ് പതാക ഏറ്റുവാങ്ങിയത്. 2030ലെ ഗെയിംസിന് അഹമ്മദാബാദാണ് വേദിയാകുന്നത്.

