സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂഴിയാർ ഡാം ഉടൻ തുറക്കും, യെല്ലോ അലർട്ട്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയെ തുടർന്ന് പത്തനംതിട്ട ജില്ലയിലെ മൂഴിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ ഉടൻ തുറക്കുമെന്ന് അധികൃതർ അറിയിച്ചു.

അണക്കെട്ട് തുറക്കുന്നതോടെ കക്കാട്ടാറിലെയും പമ്പാനദിയിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നദീതീരങ്ങളിൽ താമസിക്കുന്നവരും പൊതുജനങ്ങളും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ എ. നിസാമുദ്ദീൻ അറിയിച്ചു. നദിയിലിറങ്ങുന്നത് ഏത് സാഹചര്യത്തിലും ഒഴിവാക്കണമെന്നും നിർദേശം നൽകിയിട്ടുണ്ട്.

മഴ ശക്തമായി തുടരുന്നതിനാൽ പമ്പയിൽ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. റാന്നി, കോഴഞ്ചേരി താലൂക്കുകളിൽ കൂടുതൽ ജാഗ്രത വേണമെന്നും അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അധികൃതർ അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേർന്നുവരികയാണ്.

കേരള തീരത്ത് കാലാവസ്ഥ മോശമായതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പും ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *