കോട്ടയത്ത് രാത്രി മുതൽ കനത്ത മഴ; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്, ഗതാഗതം തടസ്സപ്പെട്ടു

കോട്ടയം:കോട്ടയം ജില്ലയിൽ ഞായറാഴ്ച രാത്രി മുതൽ പെയ്ത ശക്തമായ മഴ ജനജീവിതത്തെ സാരമായി ബാധിച്ചു. നിരവധി താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെടുകയും പ്രധാന റോഡുകളിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു. മഴയെ തുടർന്ന് കിഴക്കൻ മലയോര മേഖലയിലും നദികളിലും ജലനിരപ്പ് ഉയർന്നതായി അധികൃതർ അറിയിച്ചു.

ഈരാറ്റുപേട്ട, പാലാ, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, മണിമല, കൂട്ടിക്കൽ എന്നിവിടങ്ങളിൽ വെള്ളം കയറി വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും നാശനഷ്ടമുണ്ടായി. ചില പ്രദേശങ്ങളിൽ മണ്ണിടിച്ചിലും മരങ്ങൾ കടപുഴകി വീണതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രക്ഷാപ്രവർത്തനത്തിനും വെള്ളം ഒഴുക്കിക്കളയുന്നതിനുമായി ഫയർഫോഴ്സും മറ്റ് അടിയന്തരസേനകളും രംഗത്തുണ്ട്.

മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാനും നദീതീരങ്ങളിലും മലയോര മേഖലയിലും താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കാനും ജില്ലാ ഭരണകൂടം നിർദേശിച്ചു. ദുരിതബാധിതർക്കായി ആവശ്യമായ സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകളും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *