ന്യൂഡൽഹി: ഡൽഹിയിലും ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിലും ഇൻഫ്ലുവൻസ എ (എച്ച്1എൻ1) കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവിദഗ്ധർ ജാഗ്രത നിർദേശിച്ചു. എന്നാൽ രാജ്യത്ത് പുതിയതോ കൂടുതൽ അപകടകാരിയായതോ ആയ എച്ച്1എൻ1 വൈറസ് വകഭേദം കണ്ടെത്തിയിട്ടില്ലെന്നും നിലവിലെ വർധനവ് കാലാനുസൃതമായ ഇൻഫ്ലുവൻസ വ്യാപനത്തിന്റെ ഭാഗമാണെന്നും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) വ്യക്തമാക്കി.
ഡൽഹിയിൽ ഈ വർഷം 1,770ലേറെ ലബോറട്ടറി സ്ഥിരീകരിച്ച എച്ച്1എൻ1 കേസുകൾ റിപ്പോർട്ട് ചെയ്തതായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) അറിയിച്ചു. മഹാരാഷ്ട്ര, കർണാടക, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മൺസൂൺ കാലയളവിലെ കാലാവസ്ഥാ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടാണ് കേസുകളുടെ വർധനവെന്നാണ് ആരോഗ്യവിദഗ്ധരുടെ വിലയിരുത്തൽ.
മുൻ ലോകാരോഗ്യ സംഘടനാ ചീഫ് സയന്റിസ്റ്റും മുൻ ഐസിഎംആർ ഡയറക്ടർ ജനറലുമായ ഡോ. സൗമ്യ സ്വാമിനാഥൻ പറയുന്നത്, എച്ച്1എൻ1 അറിയപ്പെടുന്ന ഇൻഫ്ലുവൻസ വൈറസ് വകഭേദമാണെന്നും പുതിയ വൈറസല്ലെന്നുമാണ്. വൈറസ് കൂടുതൽ അപകടകാരിയായതായി തെളിയിക്കുന്ന പ്രധാന ആന്റിജനിക് മാറ്റത്തിന്റെ തെളിവുകളില്ലെന്നും അവർ വ്യക്തമാക്കി.
ലക്ഷണങ്ങളും അപകടസാധ്യതയും
പനി, ചുമ, തൊണ്ടവേദന, തലവേദന, ശരീരവേദന, മൂക്കൊലിപ്പ്, ക്ഷീണം എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. കുട്ടികളിൽ ഛർദി, വയറിളക്കം തുടങ്ങിയവയും ഉണ്ടാകാം. ഭൂരിഭാഗം രോഗികളിലും രോഗം ഗുരുതരമാകാതെ മാറുന്നുവെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ.
എന്നാൽ അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾ, പ്രായമായവർ, ഗർഭിണികൾ, പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം തുടങ്ങിയ ദീർഘകാല ആരോഗ്യപ്രശ്നങ്ങളുള്ളവർ എന്നിവർക്ക് സങ്കീർണതകൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. ശ്വാസതടസം, നെഞ്ചുവേദന, ചുണ്ടുകളിലോ വിരലുകളിലോ നീലനിറം, ബോധാവസ്ഥയിലെ മാറ്റം, തുടർച്ചയായ ഛർദി, വെള്ളം പോലും കഴിക്കാൻ കഴിയാത്ത അവസ്ഥ തുടങ്ങിയവ ഉണ്ടായാൽ അടിയന്തര ചികിത്സ തേടണമെന്ന് വിദഗ്ധർ നിർദേശിച്ചു.
സ്വയം ചികിത്സ ഒഴിവാക്കണം
എച്ച്1എൻ1 വൈറസ് ബാധയ്ക്ക് സ്വയം ആന്റിബയോട്ടിക്കുകളോ ആന്റിവൈറൽ മരുന്നുകളോ കഴിക്കരുതെന്ന് ഐഎംഎ മുന്നറിയിപ്പ് നൽകി. ആന്റിബയോട്ടിക്കുകൾ വൈറസിനെതിരെ ഫലപ്രദമല്ലെന്നും ഡോക്ടറുടെ നിർദേശപ്രകാരം മാത്രമേ ഉപയോഗിക്കാവൂ എന്നും സംഘടന വ്യക്തമാക്കി. ഒസെൽറ്റമിവിർ പോലുള്ള ആന്റിവൈറൽ മരുന്നുകളും വൈദ്യപരിശോധനയ്ക്കും നിർദേശത്തിനും ശേഷമേ ഉപയോഗിക്കാവൂ.
കൈകൾ ഇടയ്ക്കിടെ കഴുകുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും മൂക്കും വായും മൂടുക, തിരക്കേറിയതും അടച്ചിട്ടതുമായ സ്ഥലങ്ങളിൽ മാസ്ക് ഉപയോഗിക്കുക, രോഗലക്ഷണങ്ങളുള്ളപ്പോൾ മറ്റുള്ളവരുമായി അടുത്ത സമ്പർക്കം ഒഴിവാക്കുക തുടങ്ങിയ മുൻകരുതലുകളും നിർദേശിച്ചിട്ടുണ്ട്. ആരോഗ്യപ്രവർത്തകർ, ഗർഭിണികൾ, പ്രായമായവർ, ദീർഘകാല രോഗങ്ങളുള്ളവർ തുടങ്ങിയവർക്ക് സീസണൽ ഇൻഫ്ലുവൻസ വാക്സിനേഷൻ പരിഗണിക്കണമെന്നും ഐഎംഎ നിർദേശിച്ചു.
അതേസമയം, നിലവിലെ സാഹചര്യം നിരീക്ഷിക്കേണ്ടതുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട സാഹചര്യമില്ലെന്നാണ് ഐസിഎംആറും ആരോഗ്യവിദഗ്ധരും വ്യക്തമാക്കുന്നത്. നിലവിൽ പ്രചരിക്കുന്ന ഇൻഫ്ലുവൻസ വൈറസ് വടക്കൻ അർധഗോളത്തിനായി ശുപാർശ ചെയ്ത വാക്സിൻ വകഭേദങ്ങളുമായി പൊരുത്തപ്പെടുന്നതാണെന്നും ഐസിഎംആർ വൃത്തങ്ങൾ അറിയിച്ചു.

