അഡ്ലൈഡ്: സൗത്ത് ഓസ്ട്രേലിയയിൽ എച്ച്5 (H5) പക്ഷിപ്പനി അതീവ ഗുരുതരമായി വ്യാപിക്കുന്നതായി പ്രീമിയർ പീറ്റർ മാലിനാസ്കസ് (Peter Malinauskas). ആയിരത്തിലധികം ഗ്രേറ്റർ ക്രെസ്റ്റഡ് ടേൺ (Greater Crested Tern) പക്ഷികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയ മൂന്ന് പ്രധാന സംഭവങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് സംസ്ഥാനത്ത് സ്ഥിതിഗതികൾ രൂക്ഷമാണെന്ന് പ്രീമിയർ പ്രഖ്യാപിച്ചത്. ഈ പക്ഷികളുടെ മരണകാരണം എച്ച്5 പക്ഷിപ്പനിയാണെന്നാണ് പ്രാഥമിക നിഗമനം.
ബുധനാഴ്ച നടത്തിയ വ്യോമനിരീക്ഷണത്തിലാണ് യോർക്ക് പെനിൻസുലയ്ക്ക് സമീപമുള്ള ട്രൂബ്രിഡ്ജ് ദ്വീപിലും, കംഗാരു ഐലൻഡിന് അടുത്തുള്ള പേജസ് ദ്വീപുകളിലുമായി ആയിരത്തിലേറെ കടൽപ്പക്ഷികൾ ചത്തുകിടക്കുന്നത് കണ്ടെത്തിയത്. ജൂണിൽ ഓസ്ട്രേലിയൻ വൻകരയിൽ വൈറസ് എത്തിയതിന് ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ കൂട്ടമരണമാണിത്. ഇതിനുപുറമെ, കംഗാരു ഐലൻഡിൽ കണ്ടെത്തിയ ഒരു ലിറ്റിൽ പെൻഗ്വിനിലും പക്ഷിപ്പനി ബാധ സംശയിക്കുന്നതായും ഇത് അതീവ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും പ്രീമിയർ പാർലമെന്റിനെ അറിയിച്ചു. അയൽ സംസ്ഥാനമായ ടാസ്മാനിയയിലെ കിംഗ് ഐലൻഡിൽ ചത്ത 28 ലിറ്റിൽ പെൻഗ്വിനുകളിലും പക്ഷിപ്പനി ബാധ പരിശോധിച്ചുവരികയാണ്.
ഹെലികോപ്റ്ററുകളും ഡ്രോണുകളും ഉപയോഗിച്ച് തീരദേശ മേഖലകളിൽ വ്യോമനിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വംശനാശഭീഷണി നേരിടുന്ന ഓസ്ട്രേലിയൻ സീ ലയണുകൾ, സീലുകൾ തുടങ്ങിയ സസ്തനികളിലേക്ക് രോഗം പടർന്നിട്ടുണ്ടോ എന്നും സംഘം നിരീക്ഷിക്കുന്നുണ്ട്. എന്നാൽ നിലവിൽ ഇവയിലോ കന്നുകാലികളിലോ പൗൾട്രി ഫാമുകളിലോ വൈറസ് ബാധ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
അഡ്ലൈഡ് മേഖലയിലെ ഫ്ലാഗ്സ്റ്റാഫ് ഹിൽ, മക്ലാരൻ വേൽ, നോർത്ത് ഹാവൻ, എയ്ർ പെനിൻസുലയിലെ ലക്കി ബേ, ബറോസ മേഖലയിലെ തനുണ്ട എന്നിവിടങ്ങളിലും ഗ്രേറ്റർ ക്രെസ്റ്റഡ് ടേൺ പക്ഷികളിൽ പുതിയ കേസുകൾ സ്ഥിരീകരിച്ചിട്ടുണ്ട്. പോർട്ട് മക്ഡൊണെലിൽ ഒരു കാക്കയിലും രോഗബാധ കണ്ടെത്തി. തീരദേശത്ത് നിന്നും വൈറസ് ഉൾനാടൻ പ്രദേശങ്ങളിലേക്ക് പടരുന്നതിന്റെ തെളിവാണിതെന്ന് ബയോസെക്യൂരിറ്റി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജി കോർണിഷ് വ്യക്തമാക്കി. വന്യജീവികളെയും അനുബന്ധ വ്യവസായങ്ങളെയും സംരക്ഷിക്കാൻ സാധ്യമായ എല്ലാ മുൻകരുതൽ നടപടികളും സ്വീകരിക്കുമെന്ന് പ്രീമിയർ അറിയിച്ചു.

