ദക്ഷിണ കൊറിയയിൽ ഉഷ്ണതരംഗം: മരണം 19 ആയി; ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പ്രസിഡന്റ് ലീ ജേ മ്യുങ്

സീയൂൾ: ദക്ഷിണ കൊറിയയിൽ റെക്കോർഡ് ചൂട് തുടരുന്നതിനിടെ ഉഷ്ണതരംഗവുമായി ബന്ധപ്പെട്ട് മരിച്ചവരുടെ എണ്ണം 19 ആയി. ഇതോടെ സ്ഥിതിഗതികൾ ദേശീയ ദുരന്തമായി കണക്കാക്കുന്നതായി പ്രസിഡന്റ് ലീ ജേ മ്യുങ് പ്രഖ്യാപിച്ചു. ദുരന്തനിവാരണ സംവിധാനം കൂടുതൽ കാര്യക്ഷമമാക്കാനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കാനും അദ്ദേഹം ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയായ 42.5 ഡിഗ്രി സെൽഷ്യസ് യാങ്സാൻ നഗരത്തിൽ രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സിയോൾ ഉൾപ്പെടെയുള്ള നിരവധി പ്രദേശങ്ങളിൽ അതിതീവ്ര ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുകയാണ്.

മെയ് 15 മുതൽ ഓഗസ്റ്റ് 3 വരെ 2,200-ലധികം പേർക്ക് ചൂട് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. മരിച്ചവരിൽ ഭൂരിഭാഗവും പ്രായമായവരാണ്. വൈദ്യുതി ആവശ്യകത വർധിക്കുന്ന സാഹചര്യത്തിൽ വൈദ്യുതി വിതരണ സംവിധാനങ്ങൾ പരിശോധിക്കാനും മുതിർന്നവർക്കും മറ്റ് ദുര്‍ബല വിഭാഗങ്ങൾക്കും പ്രത്യേക സംരക്ഷണം ഉറപ്പാക്കാനും പ്രസിഡന്റ് നിർദേശിച്ചു.

ചൂട് രൂക്ഷമായ സാഹചര്യത്തിൽ ജനങ്ങൾ അനാവശ്യമായി പുറത്തുപോകുന്നത് ഒഴിവാക്കണമെന്നും ആവശ്യത്തിന് വെള്ളം കുടിക്കണമെന്നും അധികൃതർ നിർദേശിച്ചു. ചില പൊതുപരിപാടികളും കായികമത്സരങ്ങളും ചൂട് കാരണം മാറ്റിവെച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *