തിരുവനന്തപുരം: വിരമിച്ച ശേഷവും സ്വകാര്യ വാഹനത്തിൽ ഔദ്യോഗിക പദവി സൂചിപ്പിക്കുന്ന ‘സ്റ്റാർ’ ചിഹ്നം ഉപയോഗിച്ചതുമായി ബന്ധപ്പെട്ട് മുൻ ഡിജിപി ടോമിൻ ജെ. തച്ചങ്കരിക്കെതിരെ അന്വേഷണം നടത്താൻ സംസ്ഥാന പോലീസ് മേധാവി (ഡിജിപി) ഉത്തരവിട്ടു.കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരായപ്പോഴാണ് തച്ചങ്കരിയുടെ സ്വകാര്യ കാറിൽ നമ്പർ പ്ലേറ്റിനോട് ചേർന്ന് സ്റ്റാർ ചിഹ്നം കാണപ്പെട്ടത് ശ്രദ്ധയിൽപ്പെട്ടത്. ചിഹ്നം ഭാഗികമായി കറുത്ത തുണി കൊണ്ട് മറച്ച നിലയിലായിരുന്നുവെങ്കിലും അത് നീക്കിയപ്പോൾ നക്ഷത്രങ്ങൾ വ്യക്തമായതായി റിപ്പോർട്ടുകൾ പറയുന്നു.
ഈ സാഹചര്യത്തിൽ, സർവീസിൽ തുടരുന്ന ഉന്നത ഉദ്യോഗസ്ഥർക്കായി മാത്രം അനുവദിച്ചിരിക്കുന്ന ഔദ്യോഗിക ചിഹ്നം സ്വകാര്യ വാഹനത്തിൽ ഉപയോഗിച്ചതിൽ നിയമലംഘനമുണ്ടായോയെന്ന് പരിശോധിക്കാനാണ് അന്വേഷണം. പരാതിയെ തുടർന്ന് കൂടുതൽ നടപടി ആവശ്യപ്പെട്ട് പ്രവർത്തകരും പോലീസിനെ സമീപിച്ചിട്ടുണ്ട്
അതേസമയം, സ്റ്റാർ ബോർഡ് ഉപയോഗിച്ച് താൻ യാത്ര ചെയ്തിട്ടില്ലെന്നും ഇത് ഡ്രൈവറുടെ ഭാഗത്തുനിന്നുണ്ടായ പിഴവാണെന്നും തച്ചങ്കരി വിശദീകരിച്ചു.സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

