തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ടുവയസുകാരൻ മരിച്ച സംഭവത്തിൽ ചികിത്സയിൽ വീഴ്ച ഉണ്ടായെന്നാരോപിച്ച് കുട്ടിയുടെ പിതാവ് രംഗത്ത്. അഴൂരിലെ ദിലീപ്–അനു ദമ്പതികളുടെ മകൻ ദിക്ഷലാണ് മരിച്ചത്
കുട്ടി ഉറങ്ങിക്കിടക്കുന്നതിനിടെ പുലർച്ചെ പാമ്പ് കടിച്ചതായി കുടുംബം പറയുന്നു. കാലിൽ മുറിവ് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് കുട്ടിയെ ഉടൻ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ കുട്ടി മരിച്ചു
ആശുപത്രിയിലെത്തിച്ചപ്പോൾ ഡോക്ടർ കുട്ടിയെ ഗൗരവമായി പരിശോധിച്ചില്ലെന്നും പ്രാഥമിക ചികിത്സ പോലും നൽകാതെ റഫർ ചെയ്തെന്നുമാണ് പിതാവ് ദിലീപിന്റെ ആരോപണം. ശ്വാസതടസം, ഛർദ്ദി, കഫം തുടങ്ങിയ ലക്ഷണങ്ങൾ പറഞ്ഞിട്ടും അവ പരിഗണിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു
എന്നാൽ ചികിത്സയിൽ വീഴ്ചയില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. രക്തപരിശോധനയിൽ പാമ്പുകടി സ്ഥിരീകരിക്കാനായില്ലെന്നും അവർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.സംഭവത്തിൽ ബന്ധപ്പെട്ട അധികൃതർ കൂടുതൽ അന്വേഷണം നടത്തിവരികയാണ്

