ഐഎസ്എൽ: കേരള ബ്ലാസ്റ്റേഴ്‌സ് ഇന്ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ നേരിടും

കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2025-26 സീസണിലെ തങ്ങളുടെ ഒമ്പതാം മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഇന്ന് സ്വന്തം തട്ടകത്തിലിറങ്ങുന്നു. കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ നടക്കുന്ന പോരാട്ടത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. രാത്രി 7.30-നാണ് മത്സരം ആരംഭിക്കുന്നത്.പുതിയ മുഖ്യപരിശീലിനകൻ ആഷ്‌ലി വെസ്റ്റ് വുഡിന് കീഴിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുന്ന മൂന്നാമത്തെ മത്സരമാണിത്. സീസണിലെ ആദ്യ മത്സരങ്ങളിൽ നേരിട്ട തുടർച്ചയായ പരാജയങ്ങളെത്തുടർന്ന് മുൻ പരിശീലകൻ ഡേവിഡ് കറ്റാലയെ പുറത്താക്കിയിരുന്നു. ആഷ്‌ലിക്ക് കീഴിൽ കഴിഞ്ഞ മത്സരത്തിൽ ബംഗളൂരു എഫ്‌സിയെ അവരുടെ തട്ടകത്തിൽ പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിലാണ് മഞ്ഞപ്പട ഇന്ന് ഇറങ്ങുന്നത്.നിലവിൽ എട്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റുമായി ലീഗിൽ പതിമൂന്നാം സ്ഥാനത്താണ് കേരള ബ്ലാസ്റ്റേഴ്‌സ്. ഈ സീസൺ മുതൽ ഐഎസ്എല്ലിൽ തരംതാഴ്ത്തൽ (Relegation) സമ്പ്രദായം നിലവിൽ വന്നതിനാൽ, അവസാന സ്ഥാനങ്ങളിൽ നിന്ന് മോചിതരാകാൻ ബ്ലാസ്റ്റേഴ്‌സിന് ഇന്നത്തെ വിജയം അനിവാര്യമാണ്. എതിരാളികളായ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴ് മത്സരങ്ങളിൽ നിന്ന് ആറ് പോയിന്റുമായി പത്താം സ്ഥാനത്താണ്.ബംഗളൂരുവിനെതിരായ മത്സരത്തിൽ അരങ്ങേറ്റക്കാരൻ ഫ്രാഞ്ചുവും വിക്ടർ ബെർട്ടോമിയും നേടിയ ഗോളുകൾ ടീമിന് വലിയ ഊർജ്ജം നൽകിയിട്ടുണ്ട്. ഹോം ഗ്രൗണ്ടിലെ കാണികളുടെ പിന്തുണയോടെ മറ്റൊരു വിജയം കൂടി ലക്ഷ്യം വെച്ചാണ് ബ്ലാസ്റ്റേഴ്‌സ് ഇന്നിറങ്ങുന്നത്.

Leave a Reply

Your email address will not be published. Required fields are marked *