ടോക്കിയോ: പസഫിക് സമുദ്രത്തിനടിയിലെ അപൂർവ്വ ധാതുക്കളുടെ (Rare Earth Elements) പര്യവേക്ഷണത്തിലും ഖനനത്തിലും നിർണ്ണായക ചുവടുവെപ്പുമായി ജപ്പാൻ. മിനാമിടോറിഷിമ ദ്വീപിന് സമീപം സമുദ്രനിരപ്പിൽ നിന്നും ഏകദേശം 6,000 മീറ്റർ ആഴത്തിൽ നിന്ന് അപൂർവ്വ ധാതുക്കൾ അടങ്ങിയ ചെളി വിജയകരമായി ശേഖരിച്ചതിനെത്തുടർന്ന് ചരിത്രത്തിലാദ്യമായുള്ള ആഴക്കടൽ ഖനന പദ്ധതിയുമായി രാജ്യം അതിവേഗം മുന്നോട്ട് പോവുകയാണ്.
ഇതോടൊപ്പം, നിർണ്ണായക ധാതുക്കളുടെ ലഭ്യത സുരക്ഷിതമാക്കുന്നതിനും സമുദ്രാന്തര ധാതുസമ്പത്ത് ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനുമായി ജപ്പാനും യുണൈറ്റഡ് സ്റ്റേറ്റ്സും തമ്മിലുള്ള സഹകരണം വിപുലീകരിക്കാനും തീരുമാനമായിട്ടുണ്ട്. അപൂർവ്വ ധാതു വിപണിയിലെ ചൈനയുടെ മേധാവിത്വത്തെയും അപ്രമാദിത്വത്തെയും മറികടന്ന് സ്വന്തം നിലയിൽ സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരു രാജ്യങ്ങളും ഈ മേഖലയിൽ കൈകോർക്കുന്നത്. ആഗോള വിതരണ ശൃംഖല കൂടുതൽ സുരക്ഷിതമാക്കാൻ ഈ സഹകരണം വഴി സാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

