എവറസ്റ്റ് കൊടുമുടി ഏറ്റവും കൂടുതൽ തവണ കീഴടക്കിയ വ്യക്തിയെന്ന സ്വന്തം ലോക റെക്കോർഡ് വീണ്ടും തിരുത്തി നേപ്പാളി പർവതാരോഹകൻ കാമി റിത ഷെർപ്പ. 56 കാരനായ അദ്ദേഹം 32-ാം തവണയാണ് ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയായ എവറസ്റ്റ് കീഴടക്കിയത്.
ഞായറാഴ്ച രാവിലെ 10.12-നാണ് അദ്ദേഹം കൊടുമുടിയിലെത്തിയത്.‘14 പീക്സ് എക്സ്പെഡിഷൻ’ സംഘത്തെ നയിച്ചായിരുന്നു ഇത്തവണത്തെ ദൗത്യം. കാമി റിതയുടെ നേട്ടം നേപ്പാളിന്റെ വിനോദസഞ്ചാര മേഖലയ്ക്കും പർവതാരോഹണ രംഗത്തിനും വലിയ അഭിമാനമാണെന്ന് നേപ്പാൾ ടൂറിസം വകുപ്പ് പ്രതികരിച്ചു.1970-ൽ നേപ്പാളിലെ സോളുഖുംബു ജില്ലയിലെ താമെ ഗ്രാമത്തിലാണ് കാമി റിത ജനിച്ചത്. 1992-ൽ പ്രൊഫഷണൽ പർവതാരോഹകനായി രംഗത്തെത്തിയ അദ്ദേഹം 1994 മേയ് 13-നാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. തുടർന്ന് 2014, 2015, 2020 വർഷങ്ങൾ ഒഴികെ എല്ലാ വർഷവും അദ്ദേഹം എവറസ്റ്റിലെത്തി. കഴിഞ്ഞ വർഷം 31-ാം തവണ എവറസ്റ്റ് കീഴടക്കി റെക്കോർഡ് സ്വന്തമാക്കിയിരുന്നു.
ഇതിനിടെ, വനിതകളിൽ ഏറ്റവും കൂടുതൽ തവണ എവറസ്റ്റ് കീഴടക്കിയ റെക്കോർഡും നേപ്പാളി പർവതാരോഹക ലഖ്പ ഷെർപ്പ വീണ്ടും പുതുക്കി. 52 കാരിയായ അവർ 11-ാം തവണയാണ് എവറസ്റ്റ് കൊടുമുടിയിലെത്തിയത്.1953 മേയ് 29-ന് ന്യൂസിലൻഡുകാരനായ എഡ്മണ്ട് ഹിലറിയും നേപ്പാളിലെ ടെൻസിങ് നോർഗെയും ചേർന്നാണ് ആദ്യമായി എവറസ്റ്റ് കീഴടക്കിയത്. നിലവിൽ 8,000-ത്തിലധികം ആളുകൾ എവറസ്റ്റ് കീഴടക്കിയതായി കണക്കുകൾ വ്യക്തമാക്കുന്നു.

