തായ്പെയ്: രാജ്യത്തിന്റെ സ്വതന്ത്ര ജീവിതരീതി ഉപേക്ഷിക്കില്ലെന്നും സമ്മർദങ്ങൾക്ക് വഴങ്ങി ദേശീയ പരമാധികാരമോ ജനാധിപത്യ മൂല്യങ്ങളോ അടിയറ വയ്ക്കില്ലെന്നും തായ്‌വാൻ പ്രസിഡന്റ് ലായ് ചിംഗ് തെ. ചൈനയുമായി സംഘർഷം സൃഷ്ടിക്കാൻ തായ്‌വാൻ ആഗ്രഹിക്കുന്നില്ലെങ്കിലും രാജ്യത്തിന്റെ അന്തസും സ്വാതന്ത്ര്യവും സംരക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
“തായ്‌വാൻ സംഘർഷം സൃഷ്ടിക്കുകയോ സാഹചര്യം വഷളാക്കുകയോ ചെയ്യില്ല. എന്നാൽ സമ്മർദങ്ങൾക്ക് വഴങ്ങി ദേശീയ പരമാധികാരവും ജനാധിപത്യപരവും സ്വതന്ത്രവുമായ ജീവിതരീതിയും ഉപേക്ഷിക്കില്ല”െന്ന് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ച കുറിപ്പിൽ ലായ് ചിംഗ് തെ പറഞ്ഞു. തായ്‌വാൻ കടലിടുക്കിൽ നിലവിലെ സ്ഥിതിഗതികൾ തുടരാനാണ് രാജ്യം ആഗ്രഹിക്കുന്നതെന്നും പ്രാദേശിക അസ്ഥിരതയ്ക്ക് പ്രധാന കാരണം ചൈനയാണെന്നും അദ്ദേഹം ആരോപിച്ചു.
അതേസമയം, ചൈനീസ് സന്ദർശനം കഴിഞ്ഞ് മടങ്ങിയ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ തായ്‌വാൻ സ്വതന്ത്ര രാഷ്ട്രമാകാനുള്ള ആഗ്രഹം ഉപേക്ഷിക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങുമായി നടത്തിയ ചർച്ചയിൽ തായ്‌വാൻ വിഷയമായിരുന്നുവെന്നും തായ്‌വാന്റെ സ്വാതന്ത്ര്യാഭിലാഷത്തെ പിന്തുണയ്ക്കരുതെന്ന് ട്രംപിനോട് ചൈന ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.

