മുല്ലപ്പെരിയാർ വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്തും; പുതിയ നാമനിർദേശം ആവശ്യപ്പെട്ട് കേന്ദ്രം

തിരുവനന്തപുരം: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സമഗ്ര സുരക്ഷാ വിലയിരുത്തൽ നടത്തുന്നതിനായി രൂപീകരിച്ച സ്വതന്ത്ര വിദഗ്ധ സമിതിയിൽ കേരളത്തിന്റെ പ്രതിനിധിയെ ഉൾപ്പെടുത്താൻ കേന്ദ്ര തീരുമാനം. ഇതിനായി പുതിയ നാമനിർദേശം സമർപ്പിക്കാൻ ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള ദേശീയ അണക്കെട്ട് സുരക്ഷാ അതോറിറ്റി കേരള സർക്കാരിനോട് ആവശ്യപ്പെട്ടു. ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫാണ് ഇക്കാര്യം അറിയിച്ചത്.


മുല്ലപ്പെരിയാർ സുരക്ഷാ വിലയിരുത്തൽ സമിതിയിൽ കേരളത്തെ പ്രതിനിധീകരിച്ചിരുന്ന ടി.ആർ. ശിവരാജിനെ ഏകപക്ഷീയമായി മാറ്റിയതിനെതിരെ സംസ്ഥാന സർക്കാർ ശക്തമായ എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ഇതിനെ തുടർന്ന് മന്ത്രി മോൻസ് ജോസഫ് കേന്ദ്ര ജലശക്തി മന്ത്രി സി.ആർ. പാട്ടീലിന് കത്തയച്ചിരുന്നു. കൂടാതെ, സംസ്ഥാന ജലവിഭവ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി കേന്ദ്ര ജലശക്തി വകുപ്പ് സെക്രട്ടറിക്കും കത്ത മുഖേന പ്രതിഷേധം അറിയിച്ചു.


സംസ്ഥാന സർക്കാരിന്റെ ഈ ശക്തമായ ഇടപെടലുകളെ തുടർന്നാണ് പുതിയ അംഗത്തെ ഉൾപ്പെടുത്താൻ കേന്ദ്രം ഇപ്പോൾ നടപടി സ്വീകരിച്ചിരിക്കുന്നത്. കേന്ദ്ര സമിതിയിലേക്ക് ഉൾപ്പെടുത്തേണ്ട വിദഗ്ധന്റെ പേര് കേരള സർക്കാർ ഉടൻ തന്നെ നാമനിർദേശം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *