യെമനിൽ കാർ ബോംബ് സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടു

അഡൻ: യെമനിലെ ഹദ്രമൗത്ത് ഗവർണറേറ്റിലെ മുഖല്ല നഗരത്തിൽ കാർ ബോംബ് സ്ഫോടനത്തിൽ മാധ്യമപ്രവർത്തകൻ മുഹമ്മദ് അയ്ദ കൊല്ലപ്പെട്ടു. സൗദി അറേബ്യ ആസ്ഥാനമായുള്ള അൽ അറബിയ, അൽ ഹദത് ടെലിവിഷൻ ചാനലുകളുടെ യെമൻ ലേഖകനായിരുന്നു അദ്ദേഹം. ബുധനാഴ്ച രാത്രി അദ്ദേഹത്തിന്റെ കാറിൽ ഘടിപ്പിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് മരണം സംഭവിച്ചത്.

സംഭവത്തിന് ഒരു മാസം മുമ്പ് തന്റെ ജീവന് ഭീഷണിയുണ്ടെന്ന് മുഖല്ലയിലെ സുരക്ഷാ അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് അൽ അറബിയ റിപ്പോർട്ട് ചെയ്തു. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇതുവരെ ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

സംഭവത്തിൽ യെമൻ പ്രസിഡൻഷ്യൽ ലീഡർഷിപ്പ് കൗൺസിൽ ചെയർമാൻ റഷാദ് അൽ-അലിമി ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടു. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് അദ്ദേഹം അറിയിച്ചു. യെമൻ ജേർണലിസ്റ്റ്സ് സിൻഡിക്കറ്റും ആക്രമണത്തെ ശക്തമായി അപലപിച്ചു. യു.എൻ. പ്രത്യേക ദൂതൻ ഹാൻസ് ഗ്രുണ്ട്ബർഗും മാധ്യമപ്രവർത്തകരുടെ സുരക്ഷ ഉറപ്പാക്കണമെന്നും കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടു.

2014 മുതൽ ആഭ്യന്തരയുദ്ധം തുടരുന്ന യെമൻ മാധ്യമപ്രവർത്തകർക്ക് ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *