ന്യൂഡൽഹി: സ്കൂളുകളിൽ പ്രവർത്തനക്ഷമമല്ലാത്ത ശുചിമുറികളുടെയും സാനിറ്ററി നാപ്കിനുകളുടെ അഭാവത്തിന്റെയും പേരിൽ പെൺകുട്ടികൾ പഠനം ഉപേക്ഷിക്കേണ്ട സാഹചര്യം ഉണ്ടാകരുതെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ആർത്തവ ശുചിത്വവുമായി ബന്ധപ്പെട്ട മുൻ ഉത്തരവുകൾ എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഫലപ്രദമായി നടപ്പാക്കുന്നുണ്ടെന്ന് കേന്ദ്രസർക്കാർ ഉറപ്പാക്കണമെന്നും കോടതി നിർദേശിച്ചു.
ജനുവരി 30-ന് പുറപ്പെടുവിച്ച സുപ്രധാന വിധിയിൽ, ആറാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെ പഠിക്കുന്ന പെൺകുട്ടികൾക്ക് സൗജന്യ ഓക്സോ-ബയോഡീഗ്രേഡബിൾ സാനിറ്ററി നാപ്കിനുകൾ ലഭ്യമാക്കണമെന്നും, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക ശുചിമുറികൾ ഉറപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശിച്ചിരുന്നു. കൂടാതെ ശുചിമുറികളിൽ ശുദ്ധജലം, സോപ്പ്, സുരക്ഷിതമായ സൗകര്യങ്ങൾ എന്നിവയും നിർബന്ധമാക്കുകയായിരുന്നു. ഈ നിർദേശങ്ങൾ കാര്യക്ഷമമായി നടപ്പാക്കാൻ കൂടുതൽ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്രസർക്കാരിനെ കോടതി വീണ്ടും ഓർമ്മിപ്പിച്ചു. ആനുകൂല്യങ്ങൾ പരമാവധി കൂടുതൽ പെൺകുട്ടികളിലെത്തുന്നുവെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ സ്വീകരിച്ച നടപടികളുടെ തത്സ്ഥിതി റിപ്പോർട്ട് ഓഗസ്റ്റ് 15-നകം എല്ലാ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും സമർപ്പിക്കണമെന്ന് കോടതി നിർദേശിച്ചു. നിർദേശങ്ങൾ നടപ്പാക്കുന്നുണ്ടോയെന്ന് കേന്ദ്രസർക്കാർ കൃത്യമായ ഇടവേളകളിൽ സംസ്ഥാനങ്ങളിൽ നിന്ന് വിവരങ്ങൾ ശേഖരിക്കണമെന്നും, ഓരോ മൂന്ന് മാസത്തിലും വിഷയത്തിൽ നിരീക്ഷണം തുടരുമെന്നും കോടതി വ്യക്തമാക്കി.

