ന്യൂഡൽഹി: ഓൺലൈൻ ആക്ഷേപഹാസ്യ രാഷ്ട്രീയ കൂട്ടായ്മയായ ‘കോക്രോച്ച് ജനതാ പാർട്ടി’ (സിജെപി)ക്കെതിരേ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ അടിയന്തര വാദം ആവശ്യമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റീസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സിജെപിയുടെ പ്രവർത്തനം നിയമസംവിധാനത്തിന് കളങ്കമുണ്ടാക്കുന്നതാണെന്ന് ഹർജിക്കാർ കോടതിയിൽ വാദിച്ചു. എന്നാൽ വിഷയത്തെ “വൈകാരികമായി കാണേണ്ടതില്ല”െന്ന് ബെഞ്ച് നിരീക്ഷിച്ചു. ഹർജിയിൽ ഉന്നയിച്ച വിഷയങ്ങളിൽ അടിയന്തര ഇടപെടൽ ആവശ്യമായ സാഹചര്യമില്ലെന്നും കോടതി വ്യക്തമാക്കി. വ്യാജ നിയമബിരുദങ്ങൾ ഉപയോഗിച്ച് അഭിഭാഷകവൃത്തിയിൽ പ്രവേശിക്കുന്നവരെക്കുറിച്ച് സിബിഐ അന്വേഷണം വേണമെന്നും, കോടതിമുറിയിലെ വാദങ്ങളും നിരീക്ഷണങ്ങളും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നത് തടയണമെന്നും മറ്റൊരു അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. എന്നാൽ ഈ ആവശ്യങ്ങൾക്കും അടിയന്തര പ്രാധാന്യമില്ലെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
കഴിഞ്ഞ 15-ന് ചീഫ് ജസ്റ്റീസ് നടത്തിയ ഒരു പരാമർശത്തെ തുടർന്നാണ് ‘കോക്രോച്ച് ജനതാ പാർട്ടി’ എന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിൽ ആക്ഷേപഹാസ്യ കൂട്ടായ്മ രൂപംകൊണ്ടത്. ചില യുവാക്കളെ “പാറ്റകളോടും പരാദജീവികളോടും” ഉപമിച്ചെന്ന രീതിയിൽ പരാമർശം വ്യാപകമായി പ്രചരിച്ചിരുന്നു. പിന്നാലെ തന്റെ പരാമർശം വളച്ചൊടിച്ചാണ് ചില മാധ്യമങ്ങൾ വാർത്ത നൽകിയതെന്നും, വ്യാജ ബിരുദം ഉപയോഗിച്ച് നിയമരംഗത്തേക്ക് കടന്നുവരുന്നവരെയാണ് ഉദ്ദേശിച്ചതെന്നും ചീഫ് ജസ്റ്റീസ് വിശദീകരിച്ചിരുന്നു.

