തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സാപ്പിഴവെന്ന് ആരോപണം. മരത്തിൽ നിന്ന് വീണ് പരിക്കേറ്റ ഭരതന്നൂർ കരിങ്കട സ്വദേശിയായ മധുവിന്റെ തുന്നലിട്ട മുറിവിനുള്ളിൽ നിന്ന് മരക്കഷണം കണ്ടെത്തിയതോടെയാണ് പരാതി ഉയർന്നത്.
മാർച്ച് 21-നാണ് മധു ചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കൽ കോളജിലെത്തിയത്. കാലിന് പരിക്കേറ്റതിനെ തുടർന്ന് എക്സ്റേ പരിശോധന നടത്തിയ ശേഷം മുറിവ് തുന്നിക്കെട്ടി വീട്ടിലേക്ക് അയച്ചുവെന്നാണ് കുടുംബം പറയുന്നത്. എന്നാൽ രണ്ട് മാസം കഴിഞ്ഞിട്ടും മുറിവ് ഭേദമാകാതിരുന്നതോടെ സ്വകാര്യ ആശുപത്രിയിലും പിന്നീട് നെടുമങ്ങാട് ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. തുടർ പരിശോധനയിലാണ് മുറിവിനുള്ളിൽ അഞ്ച് സെന്റിമീറ്റർ നീളമുള്ള മരക്കഷണം കണ്ടെത്തിയത്. തുടർന്ന് നടത്തിയ ശസ്ത്രക്രിയയിലൂടെ മരക്കഷണം പുറത്തെടുത്തു.
സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നാരോപിച്ച് മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് മധുവിന്റെ കുടുംബം അറിയിച്ചു. സംഭവത്തെ തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിനെതിരെ വിമർശനവും ശക്തമായിട്ടുണ്ട്.

