ലണ്ടൻ:റഷ്യൻ അതിർത്തിക്ക് സമീപത്തുകൂടി പറക്കുന്നതിനിടെ യുകെ പ്രതിരോധ മന്ത്രി ജോൺ ഹീലി സഞ്ചരിച്ച ഔദ്യോഗിക വിമാനത്തിന്റെ ജിപിഎസ് (GPS) സിഗ്നലുകൾ തടസപ്പെട്ടതായി റിപ്പോർട്ട്. റോയൽ എയർഫോഴ്സിന്റെ (RAF) ജെറ്റ് വിമാനത്തിലെ സിഗ്നലുകളാണ് ഏകദേശം മൂന്ന് മണിക്കൂറോളം പൂർണ്ണമായി നഷ്ടമായത്.
വ്യാഴാഴ്ച എസ്തോണിയയിലെ ബ്രിട്ടീഷ് സൈനികരെ സന്ദർശിച്ച ശേഷം യുകെയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ഈ സംഭവം. വിമാനത്തിലെ ജിപിഎസ് സിഗ്നലുകൾ പ്രവർത്തനരഹിതമായതോടെ, പൈലറ്റുമാർക്ക് യാത്ര തുടരാൻ മറ്റ് ഇതര നാവിഗേഷൻ സംവിധാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. സിഗ്നൽ നഷ്ടപ്പെട്ട സമയത്ത് വിമാനത്തിലുണ്ടായിരുന്ന സ്മാർട്ട്ഫോണുകളും ലാപ്ടോപ്പുകളും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ ഇന്റർനെറ്റുമായി ബന്ധിപ്പിക്കാൻ സാധിച്ചിരുന്നില്ല.
യുകെ പ്രതിരോധ മന്ത്രിയെ മനഃപൂർവം ലക്ഷ്യം വെച്ചുകൊണ്ട് നടത്തിയ നീക്കമാണോ ഇത് എന്ന കാര്യം വ്യക്തമല്ല. എന്നിരുന്നാലും, വിമാനത്തിന്റെ യാത്രാപാത (Flight path) ഫ്ലൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റുകളിൽ ദൃശ്യമായിരുന്നു. ഈ സിഗ്നൽ തടസപ്പെടുത്തലിന് പിന്നിൽ റഷ്യയാണെന്നാണ് പ്രാഥമികമായി കരുതപ്പെടുന്നത്.

