വാഷിങ്ടൺ: ഇറാനുമായി നടക്കുന്ന ആണവകരാർ ചർച്ചകളിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പുതിയ നിബന്ധന മുന്നോട്ടുവച്ചു. ഇറാൻ ഉൾപ്പെടെയുള്ള പശ്ചിമേഷ്യൻ രാജ്യങ്ങൾ ഉടൻ തന്നെ ‘അബ്രഹാം ഉടമ്പടി’യിൽ ഒപ്പുവയ്ക്കണമെന്നാണ് ട്രംപിന്റെ ആവശ്യം.
ഇസ്രയേലുമായി നയതന്ത്രബന്ധം സാധാരണവത്കരിക്കുന്നതിനായാണ് അബ്രഹാം ഉടമ്പടി രൂപീകരിച്ചത്. സൗദി അറേബ്യ, ഖത്തർ, ഈജിപ്ത്, ജോർദാൻ, തുർക്കി, പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളും ഈ കരാറിൽ ചേരണമെന്ന് ട്രംപ് ആവശ്യപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. ഇറാനും ഭാവിയിൽ ഈ ഉടമ്പടിയുടെ ഭാഗമാകാമെന്നും ട്രംപ് സൂചിപ്പിച്ചു. ഇറാനുമായുള്ള ചർച്ചകൾ “നല്ല രീതിയിൽ പുരോഗമിക്കുകയാണ്” എന്ന് ട്രംപ് പറഞ്ഞെങ്കിലും, കരാർ വിജയിക്കാത്ത പക്ഷം പശ്ചിമേഷ്യയിൽ വീണ്ടും വലിയ സംഘർഷസാധ്യത ഉണ്ടാകാമെന്ന മുന്നറിയിപ്പും നൽകി.
അതേസമയം, അമേരിക്കയുമായി കരാർ ഉടൻ ഉണ്ടാകുമെന്ന വാദം ഇറാൻ തള്ളി. ചർച്ചകളിൽ ചില പുരോഗതിയുണ്ടെങ്കിലും അന്തിമ ധാരണയായിട്ടില്ലെന്ന് ഇറാൻ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. അമേരിക്കയുടെ നിലപാടുകളിൽ വ്യക്തതയില്ലെന്നും ഇറാൻ ആരോപിച്ചു. ട്രംപിന്റെ നിർദേശത്തോട് ബന്ധപ്പെട്ട് വിവിധ രാജ്യങ്ങൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഗാസയിലെ ഇസ്രയേൽ നടപടികളെ തുടർന്ന് പശ്ചിമേഷ്യൻ രാജ്യങ്ങളിൽ ഇസ്രയേലിനെതിരായ പൊതുജനവികാരം ശക്തമായ സാഹചര്യത്തിൽ ട്രംപിന്റെ നിർദേശം പ്രായോഗികമാകുമോയെന്ന ചർച്ചകളും ഉയരുന്നുണ്ട്.

