ബെയ്ജിങ്:ചൈനയുടെ തെക്കുപടിഞ്ഞാറൻ മേഖലയായ ചോങ്‌കിങ്ങിലെ പെങ്ഷുയി കൗണ്ടിയിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ എട്ട് പേർ മരിച്ചു. 34 പേരെ കാണാതായതായി പ്രാദേശിക ഭരണകൂടം അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പ്രാദേശിക സമയം ഏകദേശം 9.10-ഓടെയായിരുന്നു അപകടം.
മണ്ണിടിച്ചിലിൽ പത്ത് വീടുകൾ മണ്ണിനടിയിലായതായും നിരവധി പേർ കുടുങ്ങിയതായും അധികൃതർ അറിയിച്ചു. 800-ലധികം രക്ഷാപ്രവർത്തകരെ സ്ഥലത്ത് വിന്യസിച്ച് തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്. കുടുങ്ങിയ 18 പേരെ ജീവനോടെ പുറത്തെടുത്തെങ്കിലും അവരിൽ എട്ട് പേർ പിന്നീട് മരണപ്പെട്ടതായി സ്ഥിരീകരിച്ചു.
സംഭവത്തിന്റെ കാരണം കണ്ടെത്താൻ സമഗ്ര അന്വേഷണം നടത്താനും സമാന അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ അടിയന്തര പരിശോധന നടത്താനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദേശം നൽകി. രക്ഷാപ്രവർത്തനത്തിനും ദുരിതാശ്വാസത്തിനുമായി കേന്ദ്ര സർക്കാർ 5 കോടി യുവാൻ (ഏകദേശം 7.36 ദശലക്ഷം യുഎസ് ഡോളർ) അനുവദിച്ചിട്ടുണ്ട്.

