തിരുവില്വാമലയിൽ 108 അടി ഉയരത്തിൽ ‘മഹാപിതൃ മോക്ഷം സ്തംഭം’ നിർമ്മിക്കുന്നു

തൃശൂർ: പിതൃക്കളുടെ ആത്മശാന്തിക്കായുള്ള പ്രാർത്ഥനകൾക്കും മൺമറഞ്ഞവരുടെ ഓർമ്മകൾക്കുമായി 108 അടി ഉയരമുള്ള ബൃഹത്തായ സ്മാരകം തൃശൂർ ജില്ലയിലെ തിരുവില്വാമലയിൽ ഒരുങ്ങുന്നു. ഭാരതപ്പുഴയുടെ തീരത്ത് ചരിത്രപ്രസിദ്ധമായ ഐവർമഠം മഹാശ്മശാനം സ്ഥിതി ചെയ്യുന്ന പുണ്യഭൂമിയിലാണ് ‘മഹാപിതൃ മോക്ഷം സ്തംഭം’ എന്ന പേരിൽ ഈ വിസ്മയ സ്മാരകം നിർമ്മിക്കുന്നത്.

108 അടി ഉയരവും 40 അടി വീതിയുമുള്ള സ്മാരകം ഒരു ലക്ഷം മൺ ശിരപിണ്ഡങ്ങൾ കൊണ്ടാണ് ആവരണം ചെയ്യുക. ആദിമനുഷ്യർ മുതൽ ഇന്നുവരെയുള്ള വിവിധ മനുഷ്യഗോത്രങ്ങളെയും സമൂഹങ്ങളെയും പ്രതിനിധീകരിക്കുന്ന മുഖങ്ങളുടെ വിപുലമായ രൂപവിന്യാസമാണ് ഇതിന്റെ പ്രധാന സവിശേഷത. ഗുരുവായൂർ ദേവസ്വത്തിന്റെ ശ്രീവൽസം ഗസ്റ്റ് ഹൗസ് സമുച്ചയത്തിലെ 51 അടി ഉയരമുള്ള മരപ്രഭു ശിൽപം ഉൾപ്പെടെ നിർമ്മിച്ച പ്രശസ്ത ശിൽപി പി.വി. രാമചന്ദ്രനാണ് ഈ സ്മാരകത്തിന്റെ ആശയം വിഭാവനം ചെയ്തിരിക്കുന്നത്. വാസ്തുവിലും മറ്റ് ശാസ്ത്രശാഖകളിലും 108 എന്ന സംഖ്യയ്ക്കുള്ള വലിയ പ്രാധാന്യം കണക്കിലെടുത്താണ് ഈ അളവ് നിശ്ചയിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി.

ഐവർമഠത്തിന്റെ ആത്മീയ-സാംസ്കാരിക പൈതൃകത്തിന്റെ പ്രതീകമായാണ് സ്മാരകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. പിതൃക്കളുടെ അനുസ്മരണം, മനുഷ്യജീവിതത്തിന്റെ ക്ഷണികത, മരണാനന്തര ജീവിത സങ്കല്പങ്ങൾ എന്നിവ ഒരുമിച്ച് അവതരിപ്പിക്കുന്നതിനൊപ്പം വിവിധ കാരണങ്ങളാൽ മരണമടഞ്ഞവരുടെ സ്മരണയ്ക്കും മോക്ഷപ്രാർത്ഥനയ്ക്കുമുള്ള ഇടമായി ഇത് മാറും.

സ്മാരകത്തിനായി തിരുവില്വാമലയിൽ അനുയോജ്യമായ സ്ഥലം കണ്ടെത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്നും മൂന്ന് വർഷത്തിനകം നിർമ്മാണം പൂർത്തിയാക്കി രാജ്യത്തിന് സമർപ്പിക്കുകയാണ് ലക്ഷ്യമെന്നും പദ്ധതി ചെയർമാൻ രമേഷ് കോറപ്പത്ത് അറിയിച്ചു. ആത്മീയ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, രാഷ്ട്രീയ പ്രതിനിധികൾ, പ്രമുഖ വ്യക്തികൾ, പൊതുജനങ്ങൾ എന്നിവരടങ്ങിയ വിപുലമായ കമ്മിറ്റിയാണ് പദ്ധതിക്ക് നേതൃത്വം നൽകുന്നത്. അടുത്തിടെ ഐവർമഠത്തിൽ നടന്ന ചടങ്ങിൽ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചിരുന്നു. തിരുവില്വാമലയെ ആഗോള തീർത്ഥാടന ഭൂപടത്തിൽ ശ്രദ്ധേയമായ സ്ഥാനത്തേക്ക് ഉയർത്താൻ ഈ സ്മാരകം സഹായിക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. നിർമ്മാണം പൂർത്തിയായ ശേഷം ഇതിന്റെ ചെറിയ പതിപ്പ് ഐക്യരാഷ്ട്രസഭയുടെ മ്യൂസിയത്തിൽ സ്ഥാപിക്കാനും സംഘാടകർ ലക്ഷ്യമിടുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *