ന്യൂഡൽഹി: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന ആഭ്യന്തരമായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ (IDP) 25 അസ്വാഭാവിക മരണങ്ങളിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി. ഇതിൽ ലൈംഗികാതിക്രമത്തെ തുടർന്ന് മരണം സംഭവിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു കേസും ഉൾപ്പെടുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് മണിപ്പൂർ ചീഫ് സെക്രട്ടറിയോട് സത്യവാങ്മൂലം സമർപ്പിക്കാൻ നിർദേശിച്ചത്. 25 മരണങ്ങളുടെയും സാഹചര്യങ്ങൾ, പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ, മരണകാരണം വ്യക്തമാക്കുന്ന രേഖകൾ എന്നിവ സമർപ്പിക്കണം. ക്യാമ്പുകളിൽ കഴിയുന്നവരുടെ സുരക്ഷ, അന്തസ്സ്, ആവശ്യമായ ചികിത്സ, ദൈനംദിന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കാൻ സ്വീകരിച്ച നടപടികളും അറിയിക്കണമെന്ന് കോടതി നിർദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിലെ മരണങ്ങളെക്കുറിച്ച് മുൻ ജമ്മു കശ്മീർ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഗീത മിത്തൽ അധ്യക്ഷയായ സമിതി സമർപ്പിച്ച റിപ്പോർട്ടും കോടതി പരിഗണിച്ചു. ലഭ്യമായ വിവരമനുസരിച്ച് 34 മരണങ്ങളിൽ 20 കേസുകളിൽ മാത്രമാണ് പോസ്റ്റ്മോർട്ടം നടത്തിയതെന്നും കോടതി ചൂണ്ടിക്കാട്ടി. അസ്വാഭാവിക മരണങ്ങളിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം വേഗത്തിലാക്കാനും മണിപ്പൂർ സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
അസ്വാഭാവികമായി മരിച്ചവരുടെ കുടുംബങ്ങൾക്ക് 20,000 മുതൽ 30,000 രൂപ വരെ മാത്രമാണ് നഷ്ടപരിഹാരം നൽകിയതെന്ന റിപ്പോർട്ടിലും കോടതി വിശദീകരണം തേടി. 2023ലെ മണിപ്പൂർ സംഘർഷവുമായി ബന്ധപ്പെട്ട കേസുകളുടെ അന്വേഷണ പുരോഗതിയും ഇതിനിടെ കോടതി പരിശോധിച്ചു.

