അബൂജ: തെക്കൻ നൈജീരിയയിലെ ഒൻഡോ സംസ്ഥാനത്ത് വിഷാംശം കലർന്നുവെന്ന് സംശയിക്കുന്ന പ്രാദേശികമായി നിർമിച്ച മദ്യം കഴിച്ചതിനെ തുടർന്ന് കുറഞ്ഞത് 48 പേർ മരിച്ചു. ഏകദേശം 100 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണെന്നാണ് അധികൃതർ അറിയിച്ചത്. ഒൻഡോയിലെ ഒഡിഗ്ബോ, ഇറെലെ പ്രാദേശിക ഭരണ മേഖലകളിലായി 182 പേരെ ബാധിച്ചതായും ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി.
മദ്യം കഴിച്ച ചിലർക്ക് കാഴ്ച നഷ്ടപ്പെടൽ, വൃക്കകളുടെയും തലച്ചോറിന്റെയും പ്രവർത്തനത്തെ ബാധിക്കുന്ന ഗുരുതര ആരോഗ്യപ്രശ്നങ്ങൾ എന്നിവ ഉണ്ടായതായി റിപ്പോർട്ടുണ്ട്. ഉയർന്ന ആൽക്കഹോൾ അളവുള്ള പ്രാദേശിക പാനീയമായ ‘മങ്കി ടെയിൽ’ എന്നറിയപ്പെടുന്ന പാനീയത്തിൽ വിഷാംശം കലർന്നിരിക്കാമെന്നാണ് പ്രദേശവാസികൾ സംശയിക്കുന്നത്. എന്നാൽ സംഭവത്തിന്റെ കൃത്യമായ കാരണവും പാനീയത്തിൽ അടങ്ങിയ വിഷവസ്തുവും സംബന്ധിച്ച അന്വേഷണം തുടരുകയാണ്.
സംഭവവുമായി ബന്ധപ്പെട്ട് 15 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിഷാംശമുള്ള വസ്തുക്കൾ നിർമിച്ചതായി സംശയിക്കുന്ന ഒരാളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. സംഭവത്തിന്റെ ഉറവിടവും വിഷാംശം കലർന്ന പാനീയം നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്തവരെയും കണ്ടെത്തുന്നതിനായി അന്വേഷണം തുടരുകയാണ്.

