ന്യൂഡൽഹി: ജനങ്ങൾക്ക് താങ്ങാനാകുന്ന വിലയിൽ ഊർജം ലഭ്യമാക്കുകയും വിലക്കയറ്റത്തിൽനിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ് സർക്കാരിന്റെ പ്രധാന പരിഗണനയെന്ന് യുഎസിലെ ഇന്ത്യൻ അംബാസഡർ വിനയ് മോഹൻ ക്വാത്ര. റഷ്യയിൽനിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നതുമായി ബന്ധപ്പെട്ട് യുഎസ് കോൺഗ്രസ് പുതിയ ഉപരോധ-തീരുവ നടപടികൾക്ക് വഴിയൊരുക്കിയ പശ്ചാത്തലത്തിലാണ് ക്വാത്രയുടെ പ്രതികരണം.
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുകയാണെന്നും രാജ്യത്തെ 140 കോടി ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കുന്നത് ദേശീയ ഉത്തരവാദിത്തമാണെന്നും ക്വാത്ര വ്യക്തമാക്കി. ഇന്ത്യ ഉപയോഗിക്കുന്ന അസംസ്കൃത എണ്ണയുടെ 85 ശതമാനത്തിലധികവും പ്രകൃതിവാതകത്തിന്റെ ഏകദേശം പകുതിയും ഇറക്കുമതി ചെയ്യുന്നതാണ്. അതിനാൽ വിശ്വസനീയവും തടസ്സമില്ലാത്തതും താങ്ങാനാകുന്നതുമായ ഊർജവിതരണം ഉറപ്പാക്കാൻ വിവിധ രാജ്യങ്ങളിൽനിന്ന് ഇറക്കുമതി നടത്തേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.
റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് 100 ശതമാനം വരെ തീരുവ ചുമത്താൻ യുഎസ് പ്രസിഡന്റിന് അധികാരം നൽകുന്ന ബിൽ യുഎസ് പ്രതിനിധിസഭ പാസാക്കിയതിന് പിന്നാലെയാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ബിൽ നിലവിൽ പ്രസിഡന്റിന്റെ പരിഗണനയിലാണ്. പുതിയ നടപടികൾ ഇന്ത്യ-യുഎസ് ബന്ധത്തെയും ആഗോള ഊർജ വിപണിയെയും ബാധിക്കാമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും വ്യക്തമാക്കിയിട്ടുണ്ട്.
ഊർജസുരക്ഷ ഉറപ്പാക്കുന്നതിനായി വിവിധ രാജ്യങ്ങളിൽനിന്നുള്ള വിതരണ സ്രോതസ്സുകൾ ഉപയോഗിക്കുന്നത് തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പുതിയ യുഎസ് നടപടികളുടെ പ്രത്യാഘാതങ്ങൾ നേരിടാൻ വ്യാപാര-വ്യവസായ മേഖലകളുമായി ചേർന്ന് സർക്കാർ പ്രവർത്തിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.

