ഓസ്‌ട്രേലിയയിൽ മെത്താംഫെറ്റാമൈൻ ഉപയോഗം ഇരട്ടിയായി; ആശങ്കയറിയിച്ച് പുതിയ റിപ്പോർട്ട്

ഓസ്‌ട്രേലിയയിൽ കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മെത്താംഫെറ്റാമൈൻ (ഐസ്) ഉപയോഗം ഇരട്ടിയായതായി റിപ്പോർട്ട്. ഓസ്‌ട്രേലിയൻ ക്രിമിനൽ ഇന്റലിജൻസ് കമ്മീഷൻ (ACIC) പുറത്തുവിട്ട വാർഷിക മലിനജല പരിശോധനാ ഫലങ്ങളിലാണ് രാജ്യത്തെ മയക്കുമരുന്ന് ഉപയോഗത്തിന്റെ ഞെട്ടിക്കുന്ന കണക്കുകളുള്ളത്. 2024 ഓഗസ്റ്റ് മുതൽ 2025 ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രാജ്യത്തുടനീളമുള്ള 64 മലിനജല ശുദ്ധീകരണ പ്ലാന്റുകളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിച്ചാണ് ഈ നിഗമനത്തിൽ എത്തിയത്.

റിപ്പോർട്ട് പ്രകാരം, മെത്താംഫെറ്റാമൈൻ ഉപഭോഗം മുൻവർഷങ്ങളേക്കാൾ വലിയ വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2016-ൽ മലിനജല പരിശോധനാ പരിപാടി ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ഉപയോഗം 8,405 കിലോഗ്രാമിൽ നിന്ന് 15,971 കിലോഗ്രാമായി ഉയർന്നു. അന്താരാഷ്ട്ര തലത്തിൽ മലിനജല പരിശോധനകൾക്ക് മേൽനോട്ടം വഹിക്കുന്ന ‘സ്യൂവേജ് കോർ ഗ്രൂപ്പ് യൂറോപ്പിന്റെ’ (SCORE) കണക്കുകൾ പ്രകാരം, മെത്താംഫെറ്റാമൈൻ ഉപഭോഗത്തിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് ഇപ്പോൾ ഓസ്‌ട്രേലിയ.

മെത്താംഫെറ്റാമൈൻ കൂടാതെ കൊക്കെയ്ൻ, ഹെറോയിൻ, എംഡിഎംഎ (MDMA) എന്നിവയുടെ ഉപയോഗത്തിലും റെക്കോർഡ് വർദ്ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഈ നാല് പ്രധാന മയക്കുമരുന്നുകളുടെയും മൊത്തം ഉപഭോഗത്തിൽ 21 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇതിൽ മെത്താംഫെറ്റാമൈൻ (23%), ഹെറോയിൻ (23%), കൊക്കെയ്ൻ (20%) എന്നിവയ്ക്കാണ് വലിയ തോതിലുള്ള വർദ്ധനവ് ഉണ്ടായത്. ഈ മയക്കുമരുന്ന് വിപണിയുടെ മൂല്യം 11.5 ബില്യൺ ഡോളറിൽ നിന്ന് 14.3 ബില്യൺ ഡോളറായി ഉയർന്നു. ഇതിൽ 77 ശതമാനം ചിലവും മെത്താംഫെറ്റാമൈൻ വാങ്ങുന്നതിനാണ് നടക്കുന്നത്.

പ്രദേശികാടിസ്ഥാനത്തിലുള്ള കണക്കുകൾ പരിശോധിക്കുമ്പോൾ, മെത്താംഫെറ്റാമൈൻ ഉപയോഗത്തിൽ ഏറ്റവും കൂടുതൽ വർദ്ധനവ് രേഖപ്പെടുത്തിയത് ടാസ്മാനിയയിലാണ് (38%). നോർത്തേൺ ടെറിട്ടറി (36%), എസിടി (30%) എന്നിവ തൊട്ടുപിന്നിലുണ്ട്. കൊക്കെയ്ൻ ഉപയോഗത്തിൽ നോർത്തേൺ ടെറിട്ടറിയും വെസ്റ്റേൺ ഓസ്‌ട്രേലിയയും വലിയ വർദ്ധനവ് കാണിക്കുന്നു. സിഡ്‌നിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ കെറ്റാമൈൻ ഉപയോഗിക്കുന്നത്. അതേസമയം, ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന മയക്കുമരുന്നായി കഞ്ചാവ് തുടരുമ്പോഴും ഇതിന്റെ ഉപയോഗത്തിൽ മുൻ വർഷത്തെ അപേക്ഷിച്ച് നേരിയ കുറവുണ്ടായിട്ടുണ്ട്.

രാജ്യാന്തര ക്രിമിനൽ സംഘങ്ങൾ ഓസ്‌ട്രേലിയയെ ഒരു പ്രധാന വിപണിയായി കാണുന്നതിന്റെ തെളിവാണ് ഈ കണക്കുകളെന്ന് എസിഐസി മേധാവി കുക്ക് പറഞ്ഞു. ഇത് വെറും അക്കങ്ങളല്ലെന്നും ആശുപത്രികളിലും വീടുകളിലും സമൂഹത്തിലും ഈ മയക്കുമരുന്ന് ഉപയോഗം വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വരും വർഷങ്ങളിൽ ഈ വിപത്തിനെ നേരിടാൻ ശക്തമായ ദേശീയ പ്രതിരോധം ആവശ്യമാണെന്നും റിപ്പോർട്ട് അടിവരയിടുന്നു. മറ്റ് ലഹരിവസ്തുക്കളായ നിക്കോട്ടിന്റെ ഉപയോഗം രാജ്യവ്യാപകമായി 4 ശതമാനം വർദ്ധിച്ചപ്പോൾ, മദ്യത്തിന്റെ ഉപയോഗം നഗരപ്രദേശങ്ങളിൽ കുറഞ്ഞെങ്കിലും പ്രാദേശിക മേഖലകളിൽ വർദ്ധിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *