മാതൃത്വം: വിശ്വ സ്നേഹത്തിന്റെ ആഗോള ഭാഷ

മുഖപ്രസംഗം: ഡോ. ബാബു ഫിലിപ്പ് അഞ്ചനാട്ട് (ചീഫ് എഡിറ്റർ)

ലോകഭൂപടത്തിൽ അതിരുകൾ നിശ്ചയിക്കുന്നത് രാഷ്ട്രീയ താല്പര്യങ്ങളാകാം; എന്നാൽ ഹൃദയഭൂപടത്തിൽ സ്നേഹത്തിന്റെ ഏകീകൃത മുദ്രപതിപ്പിച്ച ഒരെ ഒരു പേര്‌ ഉള്ളു — അമ്മ.
ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ കാലയളവുകളിലായി മാതൃദിനം ആഘോഷിക്കപ്പെടുമ്പോൾ, ഈ വൈവിധ്യങ്ങൾക്കിടയിലെ ഏകത്വത്തെയാണ് നാം തിരിച്ചറിയേണ്ടത്.

മാതൃദിനം എന്നത് കേവലം ഒരു കലണ്ടർ തീയതിയല്ല, മറിച്ച് ലോകത്തെ നിലനിർത്തുന്ന സഹനത്തിന്റെയും കരുതലിന്റെയും ആഗോള സമ്മേളനമാണ്. ബ്രിട്ടനിലെ ‘മദറിംഗ് സൺഡേ’യിൽ തുടങ്ങി, അമേരിക്കൻ പാരമ്പര്യ പിന്തുടരുന്ന മെയ് മാസത്തിലെ രണ്ടാം ഞായറാഴ്ചയും കടന്ന്, അറബ് ലോകത്തെ വസന്തകാലാരംഭം വരെ നീളുന്ന ഈ ആഘോഷങ്ങൾ ഒരേയൊരു സത്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് അമ്മയെന്ന വികാരം ഏതെങ്കിലും ഒരു തീയതിയിൽ മാത്രം ഒതുക്കി നിർത്താവുന്നതല്ല.

യൂറോപ്പിലെ വസന്തകാലം തൊട്ട് ഓസ്‌ട്രേലിയയിലെ ശരത്കാലം വരെ നീളുന്ന അമ്മ ആഘോഷങ്ങളുടെ തീയതികളിലെ വ്യത്യാസം മാതൃത്വത്തിന്റെ സാർവത്രികതയെയാണ് അടയാളപ്പെടുത്തുന്നത്. നോർവേയിലെ തണുപ്പുള്ള ഫെബ്രുവരിയിലായാലും, മധ്യേഷ്യയിലെ വസന്താരംഭത്തിലായാലും, മെയ് മാസത്തിലെ ഞായറാഴ്ചകളിലായാലും ലക്‌ഷ്യം ഒന്ന് തന്നെ, ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ ആ സ്നേഹനിധിക്കായി ഒരു നിമിഷം മാറ്റിവയ്ക്കുക.

കർമ്മരംഗത്തെ മാതൃസ്പർശം

ആഗോള പ്രവാസത്തിന്റെ ഭാഗമായി ലോകത്തിന്റെ നാനാഭാഗങ്ങളിൽ മലയാളികൾ ചേക്കേറുമ്പോൾ, അവർക്കൊപ്പം വളരുന്നത് നമ്മുടെ സംസ്കാരത്തിലെ അമ്മയോടുള്ള ആദരവ് കൂടിയാണ്. ഒരു ആഗോള മലയാളി സംരംഭകൻ എന്ന നിലയിൽ, ബിസിനസ്സ് നൈതികതയിൽ പോലും ഈ മാതൃസ്പർശം കടന്നുവരുന്നത് നാം കാണുന്നു, അനുഭവിക്കുന്നു.

ഇനിയും നാം കാണേണ്ട ദർശനം

മാതൃദിനം എന്നത് ഒരു വാണിജ്യ വിപണിയായി മാറുന്ന ആധുനിക കാലത്ത്, ഈ ദിനത്തിന് പിന്നിലെ ആത്മീയവും സാമൂഹികവുമായ അർത്ഥം നാം വിസ്മരിക്കരുത് എന്നതാണ്. അമ്മ ആഘോഷങ്ങൾ സംസ്കാരങ്ങളുടെ സമന്വയമാകണം. തായ്‌ലൻഡിലെ രാജ്ഞിയുടെ ജന്മദിനം തൊട്ട് ബ്രിട്ടനിലെ മതപരമായ ചടങ്ങുകൾ വരെ നീളുന്ന വൈവിധ്യം മാതൃത്വത്തെ ഒരു ‘ഗ്ലോബൽ വില്ലേജ്’ ആയി മാറ്റുന്നു എന്നത് ഒരു യാഥാർഥ്യമാണ .മാതൃദിനാചരണങ്ങൾ ഒരു കരുതലിന്റെ രാഷ്ട്രീയം മായി പോലും ഉയരട്ടെ എന്ന് അഗ്രഹിക്കുകയാണ്. ഓരോ രാജ്യവും വ്യത്യസ്ത തീയതികളിൽ ഇത് ആഘോഷിക്കുന്നത് ആ ജനതയുടെ ചരിത്രത്തോടും മണ്ണോടുമുള്ള അമ്മയുടെ ബന്ധത്തെയാണ് കാട്ടിത്തരുന്നത്. അകയാൽ ഈ മാതൃദിനത്തിൽ നാം ഓർക്കേണ്ടതും അറിയേണ്ടതും അമ്മയെന്നത് വ്യക്തിയല്ല, മറിച്ച് ഒരു പ്രപഞ്ചമാണ്. ഭാഷയും രാജ്യവും മാറിയാലും അമ്മയുടെ കൈപ്പുണ്യത്തിനും സ്നേഹത്തിനും ഒരേ രുചിയാണ്. തീയതികൾ പലതാവാം, പക്ഷേ പ്രാർത്ഥന ഒന്നാണ്.വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളി മക്കൾക്കും, നാട്ടിലിരുന്ന് മക്കൾക്കായി കാത്തിരിക്കുന്ന അമ്മമാർക്കും, തങ്ങളുടെ കഠിനാധ്വാനത്തിലൂടെ വരുംതലമുറയെ വളർത്തുന്ന എല്ലാ കരുത്തുറ്റ സ്ത്രീകൾക്കും സ്‌നേഹ വന്ദനം.

പ്രവാസി മലയാളിക്ക് ലോകത്തിന്റെ ഏത് കോണിലാണെങ്കിലും തന്റെ വിയർപ്പിന്റെ വിഹിതം നാട്ടിലെ അമ്മയ്ക്കായി മാറ്റിവയ്ക്കുന്ന മലയാളി മകൻ/മകൾ ആണ് ഈ ദിനത്തിന്റെ യഥാർത്ഥ വിശ്വപൗരൻ. നക്ഷത്രങ്ങൾ ദൂരത്തിനനുസരിച്ച് ചെറുതായും വലുതായും തോന്നാമെങ്കിലും അവയുടെ പ്രകാശം ഒന്നാണ്. അതുപോലെ തന്നെയാണ് മാതൃദിനത്തിന്റെ തീയതികളും. ഈ ആഗോള ദിനത്തിൽ, മലയാളി പത്രവും നാലമൻ മീഡിയ ഹൗസും സ്നേഹത്തിലും വിശ്വാസത്തിലും അധിഷ്ഠിതമായ സേവനം നൽകുന്ന എല്ലാ സംരംഭകരെയും, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊരുതി ജയിക്കുന്ന മലയാളികളെയും സാക്ഷിയാക്കി ഭൂമിയിലെ എല്ലാ അമ്മമാർക്കും വന്ദനം അർപ്പിക്കുന്നു.

നമ്മെ നയിക്കുന്ന, പ്രകാശിപ്പിക്കുന്ന ആ വലിയ സ്നേഹത്തിന്— ലോകമാതാക്കൾക്ക് ഹൃദയം നിറഞ്ഞ മാതൃദിനാശംസകൾ!

Leave a Reply

Your email address will not be published. Required fields are marked *