ഓസ്ട്രേലിയയിലെ തൊഴിൽ മേഖലയില്‍ പുതിയ പരിഷ്‌കാരം; സർക്കാരിന്റെ പുതിയ പദ്ധതികൾ പുറത്തിറങ്ങി

മെൽബൺ: ഓസ്ട്രേലിയയിലെ തൊഴിൽ സേവന മേഖലയിൽ (Australian Employment Services Reform 2026) വൻ അഴിച്ചുപണിയുമായി ഫെഡറൽ സർക്കാർ. നിലവിലുള്ള ‘വൺ-സൈസ്-ഫിറ്റ്സ്-ഓൾ’ (ഏവർക്കും ഒരേരീതി) രീതി അവസാനിപ്പിച്ച്, ഓരോ വ്യക്തിയുടെയും കഴിവിനും താല്പര്യത്തിനും അനുയോജ്യമായ രീതിയിൽ പിന്തുണ നൽകാനാണ് ആൽബനീസീ സർക്കാർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി രാജ്യത്തുടനീളം സംഘടിപ്പിച്ച വിവിധ ഫോറങ്ങളിൽ 400-ലധികം പേർ പങ്കെടുത്തു.

2026-ലെ ഫെഡറൽ ബജറ്റിൽ ഈ പരിഷ്കാരങ്ങൾക്കായി 312.1 ദശലക്ഷം ഡോളർ തുകയാണ് സർക്കാർ വകയിരുത്തിയിട്ടുള്ളത്. തൊഴിലന്വേഷകരെ പ്രധാനമായും മൂന്ന് തലങ്ങളിലായാണ് പുതിയ സംവിധാനം വഴി സഹായിക്കുക:

ഡിജിറ്റൽ സേവനങ്ങൾ: തൊഴിൽസജ്ജരായവർക്ക് സ്വയം അനുയോജ്യമായ ജോലി കണ്ടെത്താനുള്ള ഡിജിറ്റൽ സംവിധാനങ്ങൾ.

നേരിട്ടുള്ള പരിശീലനം: കൂടുതൽ നൈപുണ്യവും പരിശീലനവും ആവശ്യമുള്ളവർക്കായി പ്രത്യേക പിന്തുണ.

പ്രത്യേക പരിഗണന: ദീർഘകാലമായി ജോലി ഇല്ലാത്തവർക്കും കടുത്ത വെല്ലുവിളികൾ നേരിടുന്നവർക്കും വ്യക്തിഗത ശ്രദ്ധയും സഹായവും.

തൊഴിലന്വേഷകർക്ക് തൊഴിൽ സുരക്ഷിതത്വവും അന്തസ്സും ഉറപ്പാക്കുകയാണ് സർക്കാരിന്റെ പ്രധാന ലക്ഷ്യമെന്ന് തൊഴിൽ മന്ത്രി അമാൻഡ റിഷ്‌വർത്ത് വ്യക്തമാക്കി.

പരിഷ്കാരങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ തയ്യാറാക്കിയ ‘Shaping the future of employment services Discussion Paper’ നയരേഖയിൽ പൊതുജനങ്ങൾക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താൻ 2026 ജൂലൈ 31 വരെ അവസരമുണ്ട്. നിലവിലെ സംവിധാനം പ്രതീക്ഷിച്ച ഫലം നൽകുന്നില്ലെന്നും മാറ്റം അനിവാര്യമാണെന്നും അസിസ്റ്റന്റ് മന്ത്രി പാട്രിക് ഗോർമാൻ ചൂണ്ടിക്കാട്ടി. ഓസ്ട്രേലിയയിലെ ഇന്ത്യൻ സമൂഹത്തിനും പ്രത്യേകിച്ച് തൊഴിൽ തേടുന്ന മലയാളി പ്രവാസികൾക്കും ഈ പുതിയ മാറ്റങ്ങൾ ഏറെ പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *