ഏറ്റവും അപകടം പിടിച്ച റോഡുകളുടെ പുതിയ ലിസ്റ്റ് പുറത്ത്; പട്ടികയിൽ മെൽബൺ വീണ്ടും മുന്നിൽ

മെൽബൺ: ഓസ്‌ട്രേലിയയിലെ ഏറ്റവും അപകടം പിടിച്ച റോഡുകളുടെ പുതിയ പട്ടിക പുറത്തുവന്നപ്പോൾ മെൽബൺ വീണ്ടും ഒന്നാം സ്ഥാനത്ത്. 2025-ൽ ലഭിച്ച 3.9 ലക്ഷത്തിലധികം ഇൻഷുറൻസ് ക്ലെയിമുകൾ വിശകലനം ചെയ്ത് തയ്യാറാക്കിയ 2026 ആമി ക്രാഷ് ഇൻഡക്സിലാണ് (AAMI Crash Index 2026) ഈ വിവരങ്ങളുള്ളത്. കഴിഞ്ഞ എട്ട് വർഷമായി ഒന്നാം സ്ഥാനത്തായിരുന്ന ബുണ്ടൂറയിലെ പ്ലെന്റി റോഡിനെ പിന്തള്ളി ഇത്തവണ ഗ്ലെൻ വേവർലിയിലെ സ്പ്രിംഗ്‌വേൽ റോഡാണ് രാജ്യത്ത് ഏറ്റവും കൂടുതൽ അപകടങ്ങൾ നടക്കുന്ന റോഡായി മാറിയിരിക്കുന്നത്. ഓസ്‌ട്രേലിയയിലെ ആദ്യ പത്ത് അപകട മേഖലകൾ പരിശോധിച്ചാൽ അതിൽ ഒൻപതും മെൽബണിലാണെന്നത് യാത്രാക്കാരുടെ ആശങ്ക വർധിപ്പിക്കുന്നു.

അമിതവേഗതയേക്കാൾ ഉപരി ദൈനംദിന ഡ്രൈവിംഗിലുണ്ടാകുന്ന ചെറിയ അശ്രദ്ധകളാണ് മെൽബണിലെ റോഡുകളെ ഇത്തരത്തിൽ അപകടക്കെണിയാക്കുന്നത്. തൊട്ടു മുന്നിലുള്ള വാഹനത്തിന്റെ പിന്നിൽ ഇടിക്കുന്ന ‘നോസ്-ടു-ടെയിൽ’ (nose-to-tail) അപകടങ്ങളാണ് ഏറ്റവും കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. തിരക്കേറിയ റോഡുകൾ, ഒന്നിലധികം ലൈനുകൾ, ട്രാഫിക് ലൈറ്റുകൾ എന്നിവയുള്ളയിടങ്ങളിൽ ഡ്രൈവർമാർക്കുണ്ടാകുന്ന ഒരു നിമിഷത്തെ ശ്രദ്ധക്കുറവാണ് ഇത്തരം അപകടങ്ങൾക്ക് പ്രധാനമായും വഴിവെക്കുന്നത്. പട്ടികയിലുള്ള ഡോൺകാസ്റ്റർ റോഡൊഴികെ മറ്റ് പ്രധാന പാതകളിലെല്ലാം ഇതേ രീതിയിലുള്ള അപകടങ്ങളാണ് പതിവായി നടക്കുന്നത്.

മെൽബണിലെ ഏറ്റവും വലിയ അപകട മേഖലയായി മാറിയ ഗ്ലെൻ വേവർലിയിലെ സ്പ്രിംഗ്‌വേൽ റോഡും പരിസരവും നിരവധി ഇന്ത്യക്കാരും മലയാളികളും തിങ്ങിപ്പാർക്കുന്ന സ്ഥലം കൂടിയാണ്. ഈ പ്രദേശത്തെ ഷോപ്പിംഗ് സെന്ററുകളിലേക്കും സ്കൂളുകളിലേക്കും മറ്റും നിത്യേന യാത്ര ചെയ്യുന്നവർ കൂടുതൽ ജാഗ്രത പാലിക്കേണ്ടതുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *