ക്യൂന്‍സ് ലാന്‍ഡ് : ഐസിസ് ഭീകരസംഘടനയിൽ ചേർന്ന വിദേശ ഭീകരരെയും അവരുടെ സഹായികളെയും ആസ്ട്രേലിയയിലേക്ക് തിരിച്ചെത്തുന്നതിൽ നിന്നും തടയുന്നതിനുള്ള പുതിയ നിയമനിർമ്മാണവുമായി പോളിൻ ഹാൻസന്റെ വൺ നേഷൻ പാർട്ടി. “പ്രൊട്ടക്റ്റിങ് ആസ്ട്രേലിയൻസ് ഫ്രം ഫോറിൻ ടെററിസ്റ്റ് ഫൈറ്റേഴ്സ് ബിൽ 2026” (Protecting Australians from Foreign Terrorist Fighters Bill 2026) അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ഓസ്ട്രേലിയൻ പാർലമെന്റിൽ അവതരിപ്പിക്കുമെന്ന് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ പ്രഖ്യാപിച്ചു.
സ്വമേധയാ വിദേശത്ത് പോയി ഐസിസിൽ ചേർന്ന സംശയാസ്പദമായ വ്യക്തികളെ നിർദ്ദിഷ്ട ഉപാധികളോടെ ആസ്ട്രേലിയയിലേക്ക് മടങ്ങുന്നതിൽ നിന്ന് വിലക്കുന്നതിനായി കോടതി ഉത്തരവുകൾ പുറപ്പെടുവിക്കാൻ ആഭ്യന്തര മന്ത്രിക്കും കോടതികൾക്കും അധികാരം നൽകുന്ന ‘ഫോറിൻ ടെററിസ്റ്റ് ഫൈറ്റർ എക്സ്ക്ലൂഷൻ ഓർഡർ’ നടപ്പിലാക്കാൻ ബില്ലിൽ വ്യവസ്ഥ ചെയ്യുന്നു.
ഇതിനുപുറമെ, പാസ്പോർട്ട് റദ്ദാക്കാനും സസ്പെൻഡ് ചെയ്യാനുമുള്ള അധികാരം വിപുലീകരിക്കുക, കേസ് നടപടികൾ പുരോഗമിക്കുമ്പോൾ റിട്ടേൺ പെർമിറ്റുകൾ നിർത്തലാക്കുക, ഐസിസ് ബന്ധമുള്ളവരുടെ അനധികൃത മടങ്ങിവരവ് സംഘടിപ്പിക്കുകയോ സഹായിക്കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാക്കുക എന്നിവയും ബില്ലിന്റെ പ്രധാന സവിശേഷതകളാണ്. ഈ നിർദ്ദിഷ്ട നിയമനിർമ്മാണം നിലവിൽ പാർലമെന്റിന്റെ പരിഗണനയ്ക്കായി സമർപ്പിക്കാനിരിക്കുകയാണ്.

