മയാമി: 981 ദിവസത്തെ ഇടവേളയ്ക്കുശേഷം ബ്രസീൽ ദേശീയ ടീമിനായി വീണ്ടും കളത്തിലിറങ്ങിയ നെയ്മറുടെ തിരിച്ചുവരവ് വികാരനിർഭരമായി. ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് സി മത്സരത്തിൽ സ്കോട്‌ലൻഡിനെതിരെ ബ്രസീൽ 3-0ന് ജയിച്ച മത്സരത്തിന്റെ 76-ാം മിനിറ്റിലാണ് നെയ്മർ പകരക്കാരനായി ഇറങ്ങിയത്.
2023 ഒക്ടോബറിൽ ഏറ്റ ഗുരുതരമായ കാൽമുട്ട് പരിക്കും പിന്നീട് ഉണ്ടായ കാലിലെ പേശി പരിക്കും കാരണം ദേശീയ ടീമിൽ നിന്ന് ദീർഘകാലം വിട്ടുനിന്ന നെയ്മറുടെ തിരിച്ചുവരവിനെ ആരാധകർ ആവേശത്തോടെയാണ് വരവേറ്റത്. കളിക്കുശേഷം ഡ്രസിങ് റൂമിൽ ഒറ്റയ്ക്ക് ഇരുന്ന് കരഞ്ഞുവെന്നും ബ്രസീൽ ജഴ്സി വീണ്ടും അണിയാൻ കഴിഞ്ഞത് ദൈവാനുഗ്രഹമാണെന്നും നെയ്മർ പ്രതികരിച്ചു.
ബ്രസീലിനായി 79 അന്താരാഷ്ട്ര ഗോളുകൾ നേടിയ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ തന്റെ നാലാം ലോകകപ്പ് കളിക്കുകയാണ്. സ്കോട്‌ലൻഡിനെതിരായ വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായ ബ്രസീൽ പ്രീക്വാർട്ടറിലേക്ക് മുന്നേറി.

