ഒരു നൂറ്റാണ്ടിന് ശേഷം ഒന്നാം ലോകമഹായുദ്ധത്തിൽ വീരമൃത്യു വരിച്ച 9,909 ഇന്ത്യൻ സൈനികർക്ക് ഔദ്യോഗിക അംഗീകാരം

ലണ്ടൻ: ഒന്നാം ലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ ഭാഗമായി പോരാടി ജീവത്യാഗം ചെയ്തിട്ടും ഔദ്യോഗിക സ്മാരക രേഖകളിൽ ഇടം ലഭിക്കാതെ പോയ 9,909 ഇന്ത്യൻ സൈനികർക്ക് ഒരു നൂറ്റാണ്ടിലേറെക്കാലത്തിന് ശേഷം ഔദ്യോഗിക അംഗീകാരം ലഭിച്ചു. ഇവരുടെ പേരുകൾ ബ്രിട്ടനിലെ കോമൺവെൽത്ത് വാർ ഗ്രേവ്‌സ് കമ്മീഷൻ (CWGC) ഔദ്യോഗിക യുദ്ധസ്മാരക രേഖകളിൽ ഉൾപ്പെടുത്തി.

അവിഭക്ത ഇന്ത്യയിലെ ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ച ഈ സൈനികർ ചരിത്രപരമായ വീഴ്ചകൾ കാരണം ഇതുവരെ ഔദ്യോഗികമായി അനുസ്മരിക്കപ്പെട്ടിരുന്നില്ല. അഞ്ച് വർഷം നീണ്ടുനിന്ന പഞ്ചാബ് രജിസ്ട്രേഴ്സ് പ്രൊജക്റ്റ്സ് എന്ന ഗവേഷണ പദ്ധതിയിലൂടെയാണ് ഇവരുടെ വിവരങ്ങൾ കണ്ടെത്തിയത്. സി ഡബ്ല്യു ജി സി , യുകെ പഞ്ചാബ് ഹെറിറ്റേജ് അസോസിയേഷൻ, യൂണിവേഴ്‌സിറ്റി ഓഫ് ഗ്രീൻവിച്ച് എന്നിവയുടെ സഹകരണത്തോടെയായിരുന്നു പദ്ധതി നടപ്പാക്കിയത്.

ലാഹോർ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഏകദേശം 3.2 ലക്ഷം പഞ്ചാബി സൈനികരുടെ റിക്രൂട്ട് രേഖകൾ ഡിജിറ്റൈസ് ചെയ്ത് വിശകലനം ചെയ്തതോടെയാണ് ഇതുവരെ രേഖകളിൽ ഉൾപ്പെടാതിരുന്ന സൈനികരുടെ വിവരങ്ങൾ കണ്ടെത്താനായത്.

സി ഡബ്ല്യു ജി സി ഡയറക്ടർ ജനറൽ ക്ലെയർ ഹോർട്ടൺ, ഈ അംഗീകാരം കുടുംബചരിത്രങ്ങളിലെയും ലോകചരിത്രത്തിലെയും നഷ്ടപ്പെട്ട അധ്യായങ്ങൾ വീണ്ടെടുക്കുന്ന സുപ്രധാന നടപടിയാണെന്ന് വ്യക്തമാക്കി. ഒന്നാം ലോകമഹായുദ്ധത്തിൽ 14 ലക്ഷത്തിലധികം ഇന്ത്യൻ സൈനികർ വിവിധ യുദ്ധമുന്നണികളിൽ സേവനമനുഷ്ഠിച്ചിരുന്നുവെന്നും അവരിൽ വലിയൊരു വിഭാഗം പഞ്ചാബിൽ നിന്നുള്ളവരായിരുന്നുവെന്നും ഗവേഷകർ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *