അങ്കമാലി: എറണാകുളം ജില്ലയിലെ അങ്കമാലിക്ക് സമീപം കിടങ്ങൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആന ഇടഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കൊല്ലം സ്വദേശിയും ആനയെ കൊണ്ടുവന്ന ലോറിയുടെ ഡ്രൈവറുമായ വിഷ്ണുവാണ് മരിച്ചത്.
വെള്ളിയാഴ്ച രാവിലെ ഉത്സവത്തിനായി കൊണ്ടുവന്ന “മയ്യനാട് പാർഥസാരഥി” എന്ന ആനയാണ് അപ്രതീക്ഷിതമായി വിരണ്ടത്. ആനയെ നിയന്ത്രിക്കാൻ ശ്രമിക്കുന്നതിനിടെ വിഷ്ണുവിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു.സംഭവത്തിൽ ആനയുടെ ഒന്നാം പാപ്പാൻ പ്രദീപിന് ഗുരുതരമായി പരിക്കേറ്റു. നട്ടെല്ലിന് പരുക്കേറ്റ ഇയാളെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആന ഇടഞ്ഞതിനെ തുടർന്ന് ക്ഷേത്രപരിസരത്തും സമീപ പ്രദേശങ്ങളിലും ഭീതിയുണ്ടായി. പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തകർക്കുകയും ചില മരങ്ങൾ അടിച്ചുവീഴ്ത്തുകയും ചെയ്തതായി സാക്ഷികൾ അറിയിച്ചു.
സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിക്കുകയും പ്രദേശവാസികളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും ചെയ്തു. പിന്നീട് വനംവകുപ്പ് ഉദ്യോഗസ്ഥർ എത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ ആനയെ മയക്കുവെടിവച്ച് നിയന്ത്രണത്തിലാക്കി.ആന ഇടഞ്ഞതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് അന്വേഷണം പുരോഗമിക്കുന്നു.

