ന്യൂഡൽഹി: ഗൗതമ ബുദ്ധന്റെ ജനനം, ജ്ഞാനോദയം, മഹാപരിനിർവാണം എന്നിവയാൽ പവിത്രമായ ബുദ്ധപൂർണിമ ഇന്ന് ലോകമെമ്പാടും ആഘോഷിക്കുന്നു. ബുദ്ധപൂർണിമ പ്രമാണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ പൗരന്മാർക്ക് ആശംസകൾ നേർന്നു.
ബീഹാറിലെ ബോധ്ഗയയിലുള്ള മഹാബോധി വൃക്ഷത്തിന് ചുവട്ടിൽ വെച്ചാണ് സിദ്ധാർത്ഥ ഗൗതമൻ ജ്ഞാനോദയം പ്രാപിച്ച് ബുദ്ധനായത്. അഹിംസയുടെയും സമാധാനത്തിന്റെയും കരുണയുടെയും സന്ദേശം ലോകത്തിന് നൽകിയ ബുദ്ധന്റെ സ്മരണ പുതുക്കി വിവിധയിടങ്ങളിൽ പ്രാർത്ഥനകളും ചടങ്ങുകളും നടക്കുന്നുണ്ട്.
ഭാരതത്തിന്റെ സാംസ്കാരിക പൈതൃകത്തിലും ആത്മീയ ചരിത്രത്തിലും ബുദ്ധപൂർണിമയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. ബുദ്ധന്റെ ഉപദേശങ്ങൾ ആധുനിക ലോകത്തെ സംഘർഷങ്ങൾക്കും വെല്ലുവിളികൾക്കും വലിയൊരു പരിഹാരമാണെന്ന് പ്രധാനമന്ത്രി തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. ബോധ്ഗയയുൾപ്പെടെയുള്ള ബുദ്ധ തീർത്ഥാടന കേന്ദ്രങ്ങളിൽ ഇന്ന് ആയിരക്കണക്കിന് ഭക്തരാണ് ദർശനത്തിനായി എത്തുന്നത്.

