തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരിമാഫിയകൾക്കെതിരെ പൊലീസ് നടത്തുന്ന ശക്തമായ നടപടികളുടെ ഭാഗമായി വ്യാപക പരിശോധന. ‘ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട്’ എന്ന പേരിൽ സംസ്ഥാനവ്യാപകമായി നടത്തിയ മിന്നൽ റെയ്ഡുകളിൽ 368 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വിവിധ തരത്തിലുള്ള നിരോധിത ലഹരിമരുന്നുകൾ കൈവശം വച്ചതിനും വിപണനത്തിന് ശ്രമിച്ചതിനുമായി സംസ്ഥാനത്തുടനീളം 340 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ജൂൺ രണ്ടിന് ആരംഭിച്ച ഈ പ്രത്യേക പരിശോധനയിലൂടെ വൻ ലഹരിശേഖരമാണ് പൊലീസ് പിടിച്ചെടുത്തത്. പ്രതികളിൽ നിന്നായി 0.549 കിലോ എം.ഡി.എം.എ, 16.7931 കിലോ കഞ്ചാവ്, 0.461 കിലോ ഹാഷിഷ് ഓയിൽ, 220 കഞ്ചാവ് ബീഡികൾ എന്നിവ കണ്ടെടുത്തു. സംസ്ഥാനത്തെ പൂർണ്ണമായും ലഹരിമുക്തമാക്കുന്നതിനൊപ്പം ലഹരി വിതരണത്തിന്റെ ഉറവിടം കണ്ടെത്തി തകർക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. ഇതിനായി 84 പൊലീസ് സബ് ഡിവിഷനുകളിലായി നാല് വീതം പ്രത്യേക സ്ക്വാഡുകളെയാണ് നിയോഗിച്ചിരിക്കുന്നത്.
അന്തർസംസ്ഥാന ലഹരിക്കടത്ത് പൂർണ്ണമായും തടയുന്നതിനായി അഞ്ച് സംസ്ഥാനങ്ങളെയും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളെയും ഉൾപ്പെടുത്തി വിപുലമായ പരിശോധനകൾ നടത്താനാണ് പൊലീസിന്റെ തീരുമാനം. ഇതര സംസ്ഥാനങ്ങളിലെ രാസലഹരി നിർമ്മാണ കേന്ദ്രങ്ങൾ കണ്ടെത്താനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരാനും ഇ.ഡി, ഡി.ആർ.ഐ തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ സഹായം തേടുമെന്നും അധികൃതർ വ്യക്തമാക്കി. ലഹരി വിൽപനയെക്കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് രഹസ്യമായി അധികൃതരെ അറിയിക്കുന്നതിനായി മൊബൈൽ ആപ്പുകളും വാട്‌സ്ആപ്പ് ചാറ്റ്‌ബോട്ടുകളും ഉൾപ്പെടുന്ന വിപുലമായ ഡിജിറ്റൽ നിരീക്ഷണ സംവിധാനവും പൊലീസ് ഒരുക്കുന്നുണ്ട്

