പെർത്തിൽ നായയുടെ ആക്രമണം: വളർത്തുമൃഗത്തിന് ദാരുണാന്ത്യം, ഉടമയ്ക്ക് ഗുരുതര പരിക്ക്

പെർത്ത്: പെർത്തിലെ വടക്കൻ നഗരപ്രാന്തമായ ഡയാനെല്ലയിൽ (Dianella) ഉണ്ടായ നായയുടെ ആക്രമണത്തിൽ വളർത്തുനായ കൊല്ലപ്പെടുകയും ഉടമയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പ്രഭാതസവാരിക്കിറങ്ങിയ സ്ത്രീയെയും വളർത്തുനായയെയുമാണ് റോഡിലൂടെ അഴിച്ചുവിട്ട നിലയിൽ ഓടിനടന്ന രണ്ട് വലിയ നായകൾ ആക്രമിച്ചത്.

സിക്കാമോർ റൈസിലെ ഒരു ഡ്രൈവ്‌വേയിൽ വെച്ചുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഉടമയുടെ കൈയിലിരുന്ന ചെറിയ നായയെ രണ്ട് വലിയ നായകൾ ചേർന്ന് ബലമായി പിടിച്ചുവാങ്ങുകയും കടിച്ചുകീറുകയും ചെയ്യുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്. തന്റെ നായയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഉടമയ്ക്ക് കൈകൾക്ക് ഗുരുതരമായി പരിക്കേറ്റത്. നിലവിളി കേട്ടെത്തിയ അയൽവാസി വടിയുപയോഗിച്ച് നായകളെ അടിച്ചോടിച്ചെങ്കിലും അപ്പോഴേക്കും വളർത്തുനായയുടെ ജീവൻ നഷ്ടമായിരുന്നു.

ആക്രമണം നടക്കുന്നതിന് ഏകദേശം ഒരു മണിക്കൂർ മുൻപ് തന്നെ ഈ നായകൾ അടുത്തുള്ള തെരുവുകളിൽ അലഞ്ഞുതിരിയുന്നതായി നാട്ടുകാർ ശ്രദ്ധിച്ചിരുന്നു. സംഭവത്തിന് ശേഷം നായകളെ ഒരു വീടിന്റെ മുറ്റത്ത് തടഞ്ഞുനിർത്തിയ പ്രദേശവാസികൾ, പിന്നീട് സിറ്റി ഓഫ് സ്റ്റിർലിംഗ് കൗൺസിൽ റേഞ്ചർമാരെത്തി അവയെ പിടികൂടുന്നത് വരെ കാവൽ നിന്നു. നിലവിൽ ഈ നായകളെ കൗൺസിൽ കസ്റ്റഡിയിൽ എടുത്തിരിക്കുകയാണ്.

തന്റെ ഔദ്യോഗിക ജീവിതത്തിനിടയിൽ കണ്ട ഏറ്റവും ദാരുണമായ ദൃശ്യങ്ങളിൽ ഒന്നാണിതെന്ന് സിറ്റി ഓഫ് സ്റ്റിർലിംഗ് മേയർ മാർക്ക് ഇർവിൻ പ്രതികരിച്ചു. നായകൾ ഉടമയുടെ യാതൊരു നിയന്ത്രണത്തിലുമായിരുന്നില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നഗരത്തിൽ ഏകദേശം 25,000 നായകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ആഴ്ചതോറും ഇത്തരം ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തങ്ങളുടെ വളർത്തുമൃഗങ്ങൾ അക്രമാസക്തരാകാൻ സാധ്യതയുണ്ടോ എന്ന് ഉടമകൾ ബോധവാന്മാരായിരിക്കണമെന്നും നായകളെ കൃത്യമായ നിയന്ത്രണത്തിൽ മാത്രമേ പുറത്തിറക്കാവൂ എന്നും മേയർ കർശന നിർദ്ദേശം നൽകി

Leave a Reply

Your email address will not be published. Required fields are marked *