ലിമ: തെക്കൻ പെറൂവിലെ വിഖ്യാതമായ നാസ്ക വരകൾക്ക് (Nazca Lines) സമീപം വിമാനം തകർന്നു വീണ് വിദേശ വിനോദസഞ്ചാരികൾ ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. 11 വിനോദസഞ്ചാരികളും രണ്ട് പൈലറ്റുമാരുമാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് നാസ്കയിലെ പ്രാദേശിക അധികൃതർ സ്ഥിരീകരിച്ചു. നാസ്ക നഗരത്തിൽ നിന്ന് ഏകദേശം 6 കിലോമീറ്ററും നാസ്ക ലൈൻസ് മേഖലയിൽ നിന്ന് 12 കിലോമീറ്ററും അകലെയുള്ള പുഎബ്ലോ വിയേഹോയിലാണ് ‘സെസ്ന ഗ്രാൻഡ് കാരവൻ’ (Cessna Grand Caravan) വിമാനം തകർന്നു വീണത്.
ഏഴ് ഇറ്റാലിയൻ പൗരന്മാർ, രണ്ട് ജർമ്മൻ പൗരന്മാർ (ദമ്പതികളെന്ന് സംശയിക്കുന്നു), രണ്ട് സ്പാനിഷ് പൗരന്മാർ എന്നിവരാണ് അപകടത്തിൽപ്പെട്ട സഞ്ചാരികൾ. അമേരിക്കോ സലാസർ ക്വെല്ലാർ, ഐറങ്ക ഡെൽ കാർപിയോ എന്നിവരാണ് കൊല്ലപ്പെട്ട പൈലറ്റും കോ-പൈലറ്റും.
നാസ്ക വരകൾ കാണുന്നതിനായി പ്രാദേശിക സമയം ഉച്ചയ്ക്ക് 1 മണിയോടെ സമീപ നഗരമായ പിസ്കോയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് മിനിറ്റുകൾക്കകം എയർ ട്രാഫിക് കൺട്രോൾ ടവറുമായുള്ള ബന്ധം നഷ്ടപ്പെടുകയും 1.20-ഓടെ തകർന്നു വീഴുകയുമായിരുന്നുവെന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവം സംബന്ധിച്ച് പ്രാദേശിക അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപകടത്തിന്റെ തീവ്രത കാരണം വിമാനത്തിലുണ്ടായിരുന്ന ആരും രക്ഷപ്പെട്ടിട്ടില്ലെന്ന് പോലീസ് മേജർ ജോർജ്ജ് ആൻഡ്രേഡ് മാധ്യമങ്ങളോട് പറഞ്ഞു. മരുഭൂമിയിൽ തകർന്നുവീണ വിമാനത്തിന്റെ ഭാഗങ്ങൾക്കിടയിൽ നിന്ന് ഫയർഫോഴ്സും പോലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള നാസ്ക ലൈൻസിന് സമീപം ഉണ്ടാകുന്ന ആദ്യത്തെ വിമാനാപകടമല്ല ഇത്. പ്രതിവർഷം ലക്ഷക്കണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇവിടെ, യാത്രാവിമാനങ്ങളുടെ സുരക്ഷയെക്കുറിച്ചും പരിപാലനത്തെക്കുറിച്ചും മുൻപും കടുത്ത ആശങ്കകൾ ഉയർന്നിരുന്നു.
2022-ൽ ഉണ്ടായ ചെറുവിമാനാപകടത്തിൽ ഏഴ് പേരും, 2010 ഒക്ടോബറിൽ എയർനാസ്കയുടെ വിമാനം തകർന്ന് നാല് ബ്രിട്ടീഷ് ടൂറിസ്റ്റുകൾ ഉൾപ്പെടെ ആറു പേരും കൊല്ലപ്പെട്ടിരുന്നു. അതേവർഷം തുടക്കത്തിൽ മറ്റൊരു അപകടത്തിൽ ഏഴു പേരും, 2008 ഏപ്രിലിൽ അഞ്ച് ഫ്രഞ്ച് പൗരന്മാരും ഇത്തരത്തിലുള്ള അപകടങ്ങളിൽ ജീവൻ വെടിഞ്ഞിരുന്നു.
അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും നാസ്ക മുൻസിപ്പാലിറ്റി പ്രസ്താവനയിൽ അറിയിച്ചു. വിനോദസഞ്ചാരികളുടെയും ജീവനക്കാരുടെയും വേർപാടിൽ പെറു ടൂറിസം മന്ത്രാലയം ആഴത്തിലുള്ള ദുഃഖം രേഖപ്പെടുത്തി.

