കിളികളും കൂളാവട്ടെ’; വേനൽച്ചൂടിൽ പക്ഷികൾക്ക് തണ്ണീർക്കുടമൊരുക്കി കോഴിക്കോട് ജില്ലാ ഭരണകൂടം

കോഴിക്കോട്: കഠിനമായ വേനൽച്ചൂടിൽ പക്ഷികൾക്ക് ദാഹജലമൊരുക്കാൻ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘കിളികളും കൂളാവട്ടെ’ ജനകീയ ക്യാമ്പയിന് തുടക്കമായി. കലക്ടറേറ്റ് പ്രവേശന കവാടത്തിന് സമീപം പ്രത്യേകം സജ്ജീകരിച്ച മൺകുടത്തിൽ വെള്ളം നിറച്ച് ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.

അന്തരീക്ഷ താപനില ഉയരുന്ന സാഹചര്യത്തിൽ ജലാശയങ്ങൾ വറ്റിവരളുന്നതും പക്ഷികൾ നേരിടുന്ന കുടിവെള്ള ക്ഷാമവും പരിഗണിച്ചാണ് ഇത്തരമൊരു മാതൃകാപരമായ പദ്ധതി ആവിഷ്കരിച്ചത്. വീട്ടുപരിസരങ്ങളിലും പൊതുവിടങ്ങളിലും പക്ഷികൾക്ക് ശുദ്ധജലം ലഭ്യമാക്കാൻ മൺപാത്രങ്ങളോ ചിരട്ടകളോ ഉപയോഗിച്ച് വെള്ളം വെക്കാൻ പൊതുജനങ്ങൾ തയാറാകണമെന്ന് ഉദ്ഘാടന വേളയിൽ കലക്ടർ അഭ്യർത്ഥിച്ചു.

കലക്ടറേറ്റ് പരിസരത്തെ വിവിധയിടങ്ങളിൽ പക്ഷികൾക്കായി വെള്ളം നിറച്ച പാത്രങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ ജില്ലയുടെ മറ്റു ഭാഗങ്ങളിലേക്കും ക്യാമ്പയിൻ വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. പരിസ്ഥിതി സൗഹൃദമായ രീതിയിൽ മൺപാത്രങ്ങൾ ഉപയോഗിക്കുന്നതിലൂടെ പക്ഷികൾക്ക് തണുത്ത വെള്ളം ലഭ്യമാകുമെന്ന് ഉറപ്പുവരുത്തണമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ചടങ്ങിൽ വിവിധ വകുപ്പ് മേധാവികളും കലക്ടറേറ്റ് ജീവനക്കാരും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *