മനാഗ്വ:നിക്കരാഗ്വയിൽ ഇനി തിരഞ്ഞെടുപ്പുകൾ നടത്തില്ലെന്ന് പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗ പ്രഖ്യാപിച്ചു. സാൻഡിനിസ്റ്റ വിപ്ലവത്തിന്റെ വാർഷികാഘോഷ വേളയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. പ്രതിപക്ഷത്തിന് വീണ്ടും അധികാരത്തിലെത്താൻ അവസരം നൽകുന്ന രീതിയിലുള്ള തിരഞ്ഞെടുപ്പുകൾ ഇനി ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
2007 മുതൽ തുടർച്ചയായി അധികാരത്തിലുള്ള ഒർട്ടേഗയുടെ ഈ പ്രഖ്യാപനം രാജ്യത്ത് ജനാധിപത്യ സംവിധാനത്തിന് വലിയ തിരിച്ചടിയാണെന്ന് വിമർശകർ ആരോപിച്ചു. 2025-ലെ ഭരണഘടനാ ഭേദഗതികൾക്ക് പിന്നാലെ ഭാര്യ റൊസാരിയോ മുറില്ലോയെ സഹ-പ്രസിഡന്റായി നിയമിക്കുകയും പ്രസിഡന്റിന്റെ അധികാരങ്ങൾ കൂടുതൽ വിപുലീകരിക്കുകയും ചെയ്തിരുന്നു.
ഒർട്ടേഗയുടെ പ്രഖ്യാപനത്തെ അമേരിക്ക ശക്തമായി വിമർശിച്ചു. നിക്കരാഗ്വയെ അന്താരാഷ്ട്ര സമൂഹം കൂടുതൽ ഒറ്റപ്പെടുത്തണമെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ആവശ്യപ്പെട്ടു. ജനാധിപത്യ സംവിധാനത്തെ തകർക്കുന്ന നടപടിയാണിതെന്നും അദ്ദേഹം പ്രതികരിച്ചു.

